നിരന്തര ശല്യക്കാരനായി മുറിവാലൻ കൊമ്പൻ; പിടികൂടണമെന്ന് ജനം
text_fieldsകൃഷിയിടത്തിൽ തമ്പടിച്ച മുറിവാലൻ കൊമ്പൻ
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ നിരന്തര ശല്യക്കാരാനായി മാറിയ മുറിവാലൻ കൊമ്പനെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിൽ ഭീതി വിതച്ച് രാവും പകലും ജനവാസ മേഖലകളിൽ തമ്പടിക്കുന്ന കാട്ടു കൊമ്പനെ മയക്കുവെടി െവച്ച് പിടികൂടി ഈ പ്രദേശത്ത് നിന്ന് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്ലാമുടി, കൂവക്കണ്ടം, ചീനിക്കുഴി, വടക്കുംഭാഗം, വാവേലി തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായത്. ഒരാഴ്ചയായി ഈ മേഖലകളിൽ കാർഷിക വിളകൾക്ക് കനത്ത നാശനഷ്ടമാണ് കാട്ടാനകൾ വരുത്തുന്നത്. ഇപ്പോൾ ജനവാസ മേഖലകളിൽ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് പതിവായി എത്തുന്ന മുറിവാലൻ കൊമ്പാൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ്. പടക്കം പൊട്ടിച്ചാൽപ്പോലും ഈ ആന പിന്തിരിയാത്തത് നാട്ടുകാരെയും വനപാലകരെയും കുഴപ്പിക്കുന്നു.
രണ്ട് ദിവസം മുമ്പ് പ്ലാമുടി ഭാഗത്ത് വീടുകൾക്ക് സമീപം വരെ ആനകൾ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ ചീനിക്കുഴി ഭാഗത്ത് മനോജിന്റെ റമ്പൂട്ടാൻ- കൈതച്ചക്ക കൃഷികൾ നശിപ്പിച്ചു. വൈദ്യുത വേലി തകർത്താണ് ആനകൾ കൃഷിയിടത്തിലെത്തുന്നത്. കൂറ്റൻ പനമരങ്ങൾ മുറിച്ചിട്ട് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. കാട്ടാന ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.