അടിവാട്ടെ ഗാലറി തകർച്ച; ഒഴിവായത് വൻ ദുരന്തം
text_fieldsപല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റിനിടെ തകർന്ന ഗാലറി
കോതമംഗലം: പല്ലാരിമംഗലത്ത് സെവൻസ് ഫുട്ബാൾ മേളയുടെ ഗാലറി തകർന്ന സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. അടിവാട് ഹീറോ യങ്ങ്സ് ക്ലബ് നടത്തുന്ന ഫുട്ബാൾ മത്സരങ്ങളുടെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 10ഓടെയാണ് അപകടം. ഇരുമ്പ് പൈപ്പുകളും മരവും ഉപയോഗിച്ച് കാണികൾക്കായി നിർമിച്ച ഗാലറിയാണ് തകർന്നത്. 30ലേറെ പേർക്കാണ് പരിക്കേറ്റത്. അഞ്ച് പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഗാലറിയിലുണ്ടായിരുന്നത് ആയിരത്തോളം പേർ
അടിവാട് മാലിക് ദീനാർ കാമ്പസിൽ ഏപ്രിൽ ആറിന് ആരംഭിച്ച് 20ന് സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. ഫൈനൽ മത്സരത്തിൽ എത്തിയ പ്രാദേശിക ടീമുകളായ യങ്ങ് സ്റ്റാർ മൈലൂരിനായി അൽ മദീന ചെർപ്പുളശ്ശേരിയും ഗോൾഡൻ നൈറ്റ് ചെറുവട്ടൂരിനായി കെ.എം.ജി മാവൂരുമാണ് മത്സരത്തിന് ഇറങ്ങേണ്ടിയിരുന്നത്.
പ്രാഥമിക മത്സരങ്ങൾക്ക് ശരാശരി കാണികൾ മാത്രമാണ് എത്തിയിരുന്നത്. സെമി മുതലാണ് കൂടുതൽ കാണികൾ എത്തിച്ചേർന്നത്. ഞായറാഴ്ച കാണികൾ അധികമായെത്തി. 1500 പേർക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും സെവൻസ് ഫുട്ബോൾ മേളക്ക് ഗാലറി ഒരുക്കി പരിചയമുള്ള വളയൻചിറങ്ങര സ്വദേശിയുടെ നേതൃത്വത്തിലാണ് വേദി ഒരുക്കിയിരുന്നത്. അപകടം നടക്കുമ്പോൾ 823 പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
ദുരന്തം മത്സരം തുടങ്ങും മുമ്പ്
രാത്രി 10ഓടെ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ട്രോഫികളുമായി ഗാലറിയെ വലയം വെക്കുന്നതിനിടെയാണ് തൂണുകൾ താഴ്ന്ന് ചെരിഞ്ഞു വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിൽ കാലുകൾ മണ്ണിൽ താഴ്ന്ന് പോകാൻ ഇടയാക്കിയതാണ് കാരണം. കവാടത്തിന് ചേർന്നായതിനാൽ കളി നല്ല രീതിയിൽ വീക്ഷിക്കാൻ കഴിയുമെന്ന പരിഗണനയിൽ ആദ്യം എത്തിയ കാണികൾ ഭൂരിഭാഗവും ഈ വശത്തെ ഗാലറിയിൽ പ്രവേശിക്കുകയായിരുന്നു.
ഫൈനലിൽ മാറ്റുരക്കേണ്ട മൈലൂർ ടീം അംഗങ്ങളും ആരാധകരും ഈ സമയത്ത് ഗ്രൗണ്ടിൽ പ്രവേശിച്ചിരുന്നില്ല. ഇവർ പ്രവേശിച്ച ശേഷമാണ് അപകടമെങ്കിൽ അപകട തോത് ഉയരുമായിരുന്നു. അപകടം നടന്ന ഉടൻ സംഘാടകരും നാട്ടുകാരും ഗാലറിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും സൗകര്യങ്ങൾ ഒരുക്കി. കോതമംഗലം, കല്ലൂർക്കാട് അഗ്നിരക്ഷ നിലയങ്ങളിലെ സേനാംഗങ്ങളും, കോതമംഗലം- പോത്താനിക്കാട് സ്റ്റേഷനുകളിലെ പൊലീസും സമീപ പ്രദേശങ്ങളിലെ ആംബുലൻസ് സംഘവും കർമനിരതരായി.
സുരക്ഷാ വീഴ്ച പരിശോധിക്കും
അപകടത്തെ തുടർന്ന് പോത്താനിക്കാട് പൊലീസ് സംഘാടകർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. സുരക്ഷാവീഴ്ച ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു. എല്ലാ വർഷവും മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഗാലറി ഇൻഷൂർ ചെയ്യാറുണ്ടെന്നും ഇത്തവണയും ചെയ്തിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ വഹിക്കുമെന്നും സംഘാടകർ പറഞ്ഞു.