കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഇന്ന് നാടിന് സമർപ്പിക്കും
text_fieldsകോതമംഗലം: 2.34 കോടി എം.എൽ.എ ഫണ്ട് അനുവദിച്ച് നിർമാണം പൂർത്തീകരിച്ച കോതമംഗലം കെ.എസ്.ആർ.ടി.സി ആധുനിക ബസ് ടെർമിനൽ ശനിയാഴ്ച വൈകീട്ട് നാലിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നാടിന് സമർപ്പിക്കും.
പുതിയ ബസ് ടെർമിനലിനായുള്ള ഇരുനില മന്ദിരത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വെയ്റ്റിങ് റൂമും സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം, ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറി, ഫീഡിങ് റൂം എന്നിവയും ഒന്നാം നിലയിൽ യൂനിറ്റ് ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ടിക്കറ്റ് കാഷ് കൗണ്ടർ, സ്റ്റോർ, ശുചിമുറികൾ എന്നിവയും ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് സൗകര്യപ്രദമായി സമയ ക്രമവും മറ്റ് അറിയിപ്പുകളും ദൃശ്യമാകുന്ന എൽ.ഇ.ഡി ഡിസ്പ്ലേയും സ്ഥാപിച്ചിട്ടുണ്ട്.
ഒരേ സമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമിച്ചിട്ടുണ്ട്. ലയൺസ് ക്ലബ് ഗ്രേറ്റർ കോതമംഗലം ആൻഡ് ലയൺസ് ക്ലബ് ഈസ്റ്റ് കോതമംഗലം, ശ്രീധരീയം എന്നീ ക്ലബുകൾ ചേർന്നാണ് ശീതീകരിച്ച വിശ്രമമുറികൾ ഒരുക്കിയിട്ടുള്ളത്. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും.


