കോതമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്: പുതിയ ടെർമിനൽ നിർമാണം രേഖയിലുറങ്ങുന്നു
text_fieldsകോതമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊളിച്ച് നീക്കാനുള്ള കെട്ടിടം
കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓഫിസ് കെട്ടിടത്തിൽ ജീവനക്കാർ ജോലിയെടുക്കുമ്പോൾ അപകടം തലക്കുമുകളിലാണ്. ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഓഫിസ് കെട്ടിടം. പുതിയ ടെർമിനൽ നിർമാണത്തിന് 1.87 കോടി അനുവദിച്ചിട്ട് മൂന്ന് വർഷം പിന്നിടുന്നു.
പൊളിച്ച് നീക്കാനുള്ള ടെൻഡർ നടപടി രണ്ട് തവണ മാറ്റി െവച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ലേലം ചെയ്യാൻ കരാറുകാർ തയാറാകാതെ വന്നതാണ് ടെൻഡർ മാറ്റിെവക്കാൻ കാരണം. മതിപ്പ് വില കുറച്ച് പുതിയ ടെൻഡറിന് അനുമതി തേടിയിരിക്കുകയാണ് .
കെട്ടിടം പൊളിച്ചുനീക്കിയാൽ മാത്രമേ പുതിയ ടെർമിനൽ നിർമാണം ആരംഭിക്കാൻ കഴിയുകയുള്ളു. 2018-19 കാലഘട്ടത്തിൽ ആധുനിക ബസ് ടെർമിനൽ നിർമാണത്തിനായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നാണ് 1.87 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായത്. 6000 ചതുരശ്ര അടി വരുന്ന ഗ്രൗണ്ട് ഫ്ലോറും,4000 ചതുരശ്ര അടി വരുന്ന ഫസ്റ്റ് ഫ്ലോറും അടക്കം 10,000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് പദ്ധതി.
ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം, അന്വേഷണ കൗണ്ടർ, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക കാത്തിരിപ്പുകേന്ദ്രം, അടക്കമുള്ള സൗകര്യങ്ങളാണ് വിഭാവന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിൽ ആധുനിക ഓഫിസ് സമുച്ചയം, ടോയ്ലറ്റ് ബ്ലോക്ക്, വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും. കെട്ടിടത്തിന് മുന്നിലായി നിർമിക്കുന്ന ആധുനിക ബസ് ബേയോടനുബന്ധിച്ച് ബസ് പാർക്കിങ്ങിനായി ബസ് യാഡും നിർമിക്കും. അതോടൊപ്പം നിർദിഷ്ട കെട്ടിടത്തിെൻറ പുറകു വശത്തായി സംരക്ഷണ ഭിത്തിയുംപദ്ധതിയിലുണ്ട്.
എന്നാൽ, പഴയ കെട്ടിടം പൊളിക്കൽ എങ്ങുമെത്തിയിട്ടില്ല. ഒരു എക്സ്പ്രസ്, നാല് സൂപ്പർഫാസ്റ്റ്, ഏഴ് ഫാസ്റ്റ് അടക്കം 37 ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ഓപറേറ്റ് ചെയ്യുന്നത്. ഹൈറേഞ്ചിലേക്കുള്ള യാത്രക്കാരുടെ ഇടത്താവളം എന്ന നിലയിൽ തിരക്കേറിയ ബസ് സ്റ്റാൻഡ് ആകേണ്ടതാണിവിടം. എന്നാൽ, സ്വകാര്യ സ്റ്റാൻഡിനെയാണ് കെ.എസ്.ആർ.ടി.സി പോലും ആശ്രയിക്കുന്നത്. ഓപറേറ്റിങ്ങ് സ്റ്റാൻഡ് മാത്രമായാണ് ഇവിടം പ്രവർത്തിച്ചു വരുന്നത്.