ഇന്ത്യയിലെ ആദ്യ ബ്ലൂ സോൺ നഗരമാകാൻ കോതമംഗലം
text_fieldsകോതമംഗലം: ലോകത്ത് പ്രായമായവർ കൂടുതൽ ആരോഗ്യത്തോടെയും ദീർഘായുസോടെയും ജീവിക്കുന്ന പ്രദേശങ്ങളായി അറിയപ്പെടുന്ന ബ്ലൂ സോണുകളുടെ മാതൃകയിൽ കോതമംഗലം മുനിസിപ്പൽ പ്രദേശത്തെ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ. ജപ്പാനിലെ ഒക്കിനാവ, ഇറ്റലിയിലെ സർദീനിയ, കോസ്റ്റാറിക്കയിലെ നിക്കോയ, ഗ്രീസിലെ ഇക്കാരിയ, അമേരിക്കയിലെ ലോമ ലിൻഡ എന്നീ പ്രദേശങ്ങളാണ് ലോകപ്രശസ്തമായ ബ്ലൂ സോണുകൾ. നൂറുവയസ്സിന് മുകളിലുള്ളവരുടെ എണ്ണം താരതമ്യേന കൂടുതലുള്ള ഈ മേഖലകൾ ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണക്രമം, കായികക്ഷമത, മാനസികാരോഗ്യം, സാമൂഹിക ഐക്യം എന്നിവയുടെ പേരിൽ ശ്രദ്ധേയമാണ്.
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ ബ്ലൂ സോൺ ആശയം കോതമംഗലത്ത് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. ആലോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, കോതമംഗലം ക്ലബ് പ്രസിഡന്റ് ഷാജി മാത്യു, സെന്റ് ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ, ഡോ. ബേബി മാത്യു അറമ്പംകുടി, ഇ.വി.എം ഹോട്ടൽസ് മാനേജിങ് ഡയറക്ടർ ജെയിംസ് മാത്യു, ആന്റോ ഉണ്ണുപ്പാട്ട്, പാം കെയർ സീനിയർ ലിവിങ് മാനേജിങ് ഡയറക്ടർ ബാബു ജോസഫ്, ജനറൽ മാനേജർ ബിബിൻ വർഗീസ്, റിലേഷൻസ് മാനേജർ അതുല്യ സുരേഷ് എന്നിവർ സംസാരിച്ചു.


