പേടിസ്വപ്നമായി മണികണ്ഠൻചാൽ ചപ്പാത്ത്
text_fieldsചപ്പാത്തിൽ കാണാതായ രാധാകൃഷ്ണന് വേണ്ടി സ്കൂബ ടീം തെരച്ചിൽ നടത്തുന്നു
കോതമംഗലം: മഴക്കാലമാകുമ്പോൾ മണികണ്ഠൻചാൽ ചപ്പാത്ത് നാട്ടുകാരുടെ പേടിസ്വപ്നമാണ്. ജലപ്രവാഹത്തിനടിയിലാവുന്ന ചപ്പാത്ത് മുറിച്ച് കടക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാത്തതാണ് പ്രാണൻ പണയം വെച്ച് സാഹസത്തിന് മുതിരാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്.
ബുധനാഴ്ച ചപ്പാത്തിലൂടെ മറുകര കടക്കാൻ ശ്രമിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ സ്വകാര്യ ബസ് ജീവനക്കാരൻ മണികണ്ഠൻചാൽ വർക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു- 37) ഈ അവസ്ഥയുടെ പുതിയ ഇര.
രാത്രി മണികണ്ഠൻചാലിൽ എത്തുന്ന ബസ് മഴക്കാലത്ത് ഇക്കരെയാണ് നിർത്തിയിടാറ്. ചപ്പാത്തിൽ വെള്ളം ഇല്ലാത്തതിനാൽ ബസ് മണികണ്ഠൻചാലിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഇത് അറിയാതെയാണ് ബിജു ചപ്പാത്ത് കടക്കാൻ ശ്രമിച്ചത്. രാത്രി പെയ്ത മഴയിൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു. ഈമാസം മാത്രം ആറിലേറെ തവണ ചപ്പാത്ത് മുങ്ങിയിട്ടുണ്ട്.
മഴക്കാലമായാൽ ദിവസങ്ങളോളം ചപ്പാത്ത് മുങ്ങാറുണ്ട്. കുട്ടമ്പുഴ പഞ്ചായത്ത് ഏർപ്പെടുത്തുന്ന വള്ളമാണ് മറുകര പറ്റാനും വീടണയാനുമുള്ള ആശ്രയം. കുത്തൊഴുക്കിൽ ഏറെ അപകടം പിടിച്ചതാണ് ഈ യാത്ര.
ചപ്പാത്തിൽ പാലം പണിയണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. വെള്ളാരംകുത്ത്, ഉറിയംപ്പെട്ടി, മണികണ്ഠൻചാൽ, വടക്കെ മണികണ്ഠൻചാൽ ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ എട്ടാം വാർഡിലേക്കുള്ള ഏക പ്രവേശന മാർഗമാണ് ചപ്പാത്ത്.
രണ്ട് ആദിവാസി സെറ്റിൽമന്റെും കുടിയേറ്റ മേഖലയും ഉൾപ്പെടെ 500ലധികം കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. മഴക്കാലം ആരംഭിച്ചാൽ ഇവരുടെ ജീവിതം ദുരിതപൂർണമാവും. ഏത് നിമിഷവും ഒറ്റപ്പെടാവുന്ന അവസ്ഥയാണ്. രാവിലെ വീട് വിട്ടാൽ തിരിച്ചെത്തുമ്പോൾ ചപ്പാത്ത് മുങ്ങിയ നിലയിലാവാം. അല്ലെങ്കിൽ വീട്ടിൽനിന്ന് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥയും. ഇതിന് പരിഹാരമായാണ് പാലം നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നത്.
കുറച്ച് വർഷങ്ങളായി സംസ്ഥാന ബജറ്റിൽ പാലം പദ്ധതി ഉൾപ്പെടുന്നുണ്ടെങ്കിലും മതിയായ ഫണ്ട് വകയിരുത്തി നിർമാണം ആരംഭിക്കാൻ നടപടി ഉണ്ടാകുന്നില്ല.