പലവൻ പുഴ; മരണം മാടിവിളിക്കുന്നതറിയാതെ വിനോദ സഞ്ചാരികൾ
text_fieldsപലവൻ പുഴ
കോതമംഗലം: വടാട്ടുപാറ പലവൻപുഴ മരണം മാടിവിളിക്കുന്നതറിയാതെ വിനോദ സഞ്ചാരികൾ. ഇടമലയാർ പലവൻപടിയിലെത്തുമ്പോൾ പലവൻപുഴ എന്ന പേരിൽ മുന്നോട്ടൊഴുകി ആനക്കയത്ത് വച്ച് പൂയംകുട്ടി ആറുമായി സംഗമിച്ച് കുട്ടമ്പുഴ പുഴയാകുകയും കൂട്ടിക്കലിൽ പെരിയാറിനോട് ചേരുകയുമാണ്.
ചൊവ്വാഴ്ച വരെ പലവൻപുഴക്ക് സമീപത്തെ സൂചക ബോർഡിൽ 17 ജീവിതങ്ങൾ ഇവിടെ പൊലിഞ്ഞെന്ന് വിനോദസഞ്ചാരികളെ ഓർമപ്പെടുത്തിയിരുന്നു. ബോർഡ് വായിച്ച ശേഷവും അപകടം തങ്ങളെ പിടികൂടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഓരോ സംഘവും പുഴയിലേക്കിറങ്ങുന്നത്.
മനോഹരമായ പുഴയും പരന്ന് കിടക്കുന്ന മണൽതിട്ടയുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെ പേര് പ്രദേശം ആസ്വദിക്കാനെത്തുന്നുണ്ട്.
അങ്ങനെയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 25 അംഗ സംഘം എടത്തലയിൽ നിന്ന് ചൊവ്വാഴ്ച ഉച്ചക്ക് എത്തിയത്. എടത്തല വടക്കേതോലക്കര സിദ്ദീഖും സഹോദരി പുത്രൻ കാലടി പിരാരൂർ മല്ലശ്ശേരി അബു ഫായിസുമാണ് മുങ്ങിമരിച്ചത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു.
പുഴയോരത്തെ മണല്തിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണുപോയവരുമുണ്ട്. പുറമേനിന്ന് വരുന്നവര്‍ക്ക് പുഴയുടെ അപകടസാധ്യത കൃത്യമായി മനസ്സിലാക്കാൻ കഴിയാറില്ല. പരിസരപ്രദേശത്തുള്ളവർ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്.
പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് ആന തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള പ്രധാന്യം നിലനിർത്തി അപകടങ്ങളിലില്ലാതാക്കാന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം ചൊവ്വാഴ്ച അപകടത്തിൽപ്പെട്ട സിദ്ധീഖിന്റെയും ഫായിസിന്റെയും മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സിദ്ധീഖിന്റെ ഖബറടക്കം പോങ്ങാട്ടുശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലും ഫായിസിന്റേത് തുറവുങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടത്തി.