കാട്ടാനയെക്കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞു; യാത്രക്കാരന് പരിക്ക്
text_fieldsകോതമംഗലം: കോട്ടപ്പടി വാവേലിയിൽ രാത്രി റോഡിൽ കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മുട്ടത്തുപാറ തട്ടുപറമ്പിൽ സിജോ ശിവനാണ് (അപ്പു-40) പരിക്കേറ്റത്. കുളങ്ങാട്ടുകുഴി ഗ്രൗണ്ടിൽ വോളിബാൾ കളികഴിഞ്ഞ് മടങ്ങുമ്പോൾ പ്ലാന്റേഷനിലൂടെയുള്ള വാവേലി-വേട്ടാമ്പാറ റോഡിൽ രാത്രി ഏഴരയോടെയാണ് സംഭവം.
പ്രദേശത്ത് പതിവ് ശല്യക്കാരനായ മുറിവാലൻ കൊമ്പന്റെ മുന്നിൽ ഇയാൾ പെടുകയായിരുന്നു.എതിരെ വന്ന കാറിന്റെ വെളിച്ചത്തിലാണ് ആന റോഡ് കുറുകെ കടക്കുന്നത് ശ്രദ്ധയിൽപെടുന്നത്. ആനയെ കണ്ട് കാർ റോഡരികിൽ നിർത്തി. പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബൈക്ക് മറിയുകയും ചെയ്തു.
ബൈക്ക് മറിഞ്ഞ ഭാഗത്തേക്ക് ആന തിരിയുന്നത് കണ്ട് അപ്പു തിരിഞ്ഞോടി. മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്തു. വനപാലകരെത്തി ആനയെ വനത്തിലേക്കു തുരത്തി. വീഴ്ചയിൽ അപ്പുവിന്റെ കൈകാലുകൾക്ക് പരിക്ക് പറ്റി. ബൈക്കിന് കേടുപാടള സംഭവിക്കുകയും ചെയ്തു.


