വനംവകുപ്പ് നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജപാതയിലൂടെ നടക്കും
text_fieldsകോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയുടെ സമാപന സമ്മേളനം കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്
മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം: കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് പിൻവലിച്ചില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കുമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
അതിന്റെ പേരിലുള്ള എന്തു നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രൂപതയുടെ നേതൃത്വത്തിൽ കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങളും വനം വകുപ്പുമല്ല വനംമന്ത്രിയെ ജനപ്രതിനിധിയാക്കിയത്. തെരഞ്ഞെടുത്ത ജനം പറയുന്നത് കൂടി കേൾക്കാനുള്ള മര്യാദ വനംമന്ത്രി കാണിക്കണം. ജനഹിതവും സത്യവും സർക്കാർ രേഖകളും അവഗണിച്ച് സഞ്ചാരസ്വാതന്ത്ര്യം തടയാനാണ് ശ്രമിക്കുന്നതെങ്കിൽ അത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് മഠത്തിക്കണ്ടത്തിൽ മുന്നറിയിപ്പ് നൽകി. കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്.
ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്ക്വയറിന് സമീപം സമാപിച്ചു.
രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം, അഡ്വ. എ.ജെ. ദേവസ്യ, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, സിജുമോൻ കെ ഫ്രാൻസിസ്, ഫാ. അരുൺ വലിയതാഴത്ത്, ഫാ. തോമസ് ജെ. പറയിടം എന്നിവർ സംസാരിച്ചു.