വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദനം; നാലുപേർ കസ്റ്റഡിയിൽ
text_fieldsകോതമംഗലം: പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നാലുപേർ കസ്റ്റഡിയിൽ. പായിപ്ര മൈക്രോപ്പടി ദേവിക വിലാസം അജി ലാൽ (47), ചെറുവട്ടൂർ കാനാപറമ്പിൽ കെ.എസ്. അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.
വാരപ്പെട്ടി സ്വദേശിയായ വിദ്യാർഥിയെ തിങ്കളാഴ്ച രാത്രി വീട്ടിൽനിന്ന് വിളച്ചിറക്കി കാറിൽ കയറ്റി കുറ്റിലഞ്ഞിയിലെ വാടകവീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.മുഖത്തും വയറിനും പരിക്കേറ്റ വിദ്യാർഥി കോലഞ്ചേരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൂടെ പഠിക്കുന്ന വിദ്യാർഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്താണ് മർദിച്ചത്. ഗുരുതര പരിക്കേറ്റ് അവശനായ വിദ്യാർഥിയെ തിരികെ വീടിനുസമീപം എത്തിച്ച ശേഷമാണ് പ്രതികൾ മടങ്ങിയത്. പിന്നീട് വീട്ടുകാർ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


