കാട്ടാനക്കൂട്ടം പോത്തിനെ ചവിട്ടിക്കൊന്നു
text_fieldsകാട്ടാന അക്രമണത്തിൽ ചത്ത പോത്ത്
കോതമംഗലം: കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വെറ്റിലപ്പാറയിൽ കാട്ടാനയാക്രമണത്തിൽ വളർത്തു പോത്തിന് ജീവൻ നഷ്ടമായി.
ശനിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. തുടുമ്മേൽ ബെന്നി വർഗീസ് വളർത്തിയിരുന്ന മൂന്ന് പോത്തുകൾ ഒന്നിനെയാണ് കാട്ടാനക്കൂട്ടം അക്രമിച്ച് കൊന്നത്. ബെന്നി വർഗീസിന്റെ സഹോദരന്റെ റബർ തോട്ടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന പോത്തുകളെയാണ് അക്രമിച്ചത്.
ആനകളുടെ പരാക്രമം കണ്ട് രണ്ട് പോത്തുകൾ രക്ഷപ്പെട്ടു. കാട്ടാനക്കുട്ടത്തിന്റെ അലർച്ചയും പോത്തുകളുടെ കരച്ചിലും കേട്ടെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല.
പുലര്‍ച്ച തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ ബെന്നിയുടെ സഹോദരനാണ് പോത്തിനെ ചത്തനിലയില്‍ കണ്ടത്.
ആന്തരികാവയവങ്ങള്‍ പുറത്തുചാടിയിരുന്നു. തുടർന്ന് വനപാലകര്‍ സ്ഥലത്തെത്തി. വെറ്റിനറി സര്ജന് പോത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി. രണ്ടര വയസ്സ് പ്രായമുള്ളതായിരുന്നു പോത്ത്. വനാതിർത്തിയിൽ വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകർത്താണ് ആനകൾ ജനവാസ മേഖലയിൽ എത്തുന്നത്. സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച ഉയർന്ന വോൾട്ടേജ് പ്രവഹിക്കുന്ന വൈദ്യുത വേലികളും കാട്ടാനക്കൂട്ടം തകർക്കുകയാണ്.
വാഴ, പൈനാപ്പിൾ, അടയ്ക്ക ഉൾപ്പടെയുള്ള കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിന് മുമ്പും കാട്ടാനക്കൂട്ടം വളർത്ത് മൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശവാസികളുടെ പ്രധാന സഞ്ചാര മാര്‍ഗമായ കോതമംഗലം-വെറ്റിലപ്പാറ റോഡിലൂടെ സന്ധ്യ കഴിഞ്ഞാല്‍ യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്. ഏതുസമയത്തും കാട്ടാനക്കൂട്ടം റോഡിലെത്താം എന്നതാണ് സ്ഥിതി. വെള്ളിയാഴ്ച രാത്രിയില്‍ ഒരു ബൈക്ക് യാത്രികന് ആനക്കൂട്ടത്തിന്റെ മുമ്പില്‍നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വൈദ്യുത വേലികൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ട്രഞ്ച് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


