കാട്ടാനക്കൂട്ടം വിലസുന്നു
text_fieldsrepresentational image
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ചീക്കോട് തെക്കേച്ചാൽ ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നെടുങ്കല്ലേൽ ജോർജ് എന്ന കർഷകന്റെ പുരയിടത്തിൽ കയറിയ കാട്ടാനക്കൂട്ടം പൈനാപ്പിൾ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത്. ജനവാസമേഖലയിൽ വന്യജീവികൾ എത്തി മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്നതും, കൃഷി നശിപ്പിക്കുന്നതും പതിവായത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
17 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള തടിക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വാച്ചർമാരില്ലാത്തത് ആനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ കഴിയുന്നില്ല എന്ന് ഇവിടെ സന്ദർശിച്ച ജനപ്രതിനിധികളും, കർഷകരും ചൂണ്ടിക്കാട്ടി. ക്രമാതീതമായി വർദ്ധിച്ചു വരുന്ന ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് ജനങ്ങളെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്ന് കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി ആവശ്യപ്പെട്ടു.