ജനവാസ മേഖലകളിലേക്ക് കാട്ടാനക്കുട്ടമെത്തുന്നു
text_fieldsകാട്ടാന തകർത്ത വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിന്റെ പിൻവശം
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലേക്ക് കൂടുതൽ കാട്ടാനക്കൂട്ടമെത്തുന്നു. കൃഷിയിടങ്ങളും വീടുകളും നശിപ്പിക്കുന്ന ഇവ റോഡുകളിൽ വാഹനങ്ങൾക്ക് നേരേ പാഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ശനിയാഴ്ച്ച പുലർച്ചെ മൂന്നോടെ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു.
വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിന്റെ പിൻവശത്താണ് നാശമുണ്ടാക്കിയത്. മേച്ചിലും ജലസംഭരണിയും മറ്റും വലിച്ചുതാഴെയിട്ട് നശിപ്പിച്ചു. വീട്ടിലുള്ളവർ പുറത്തിറങ്ങാത്തതിനാൽ ആളപായം ഉണ്ടായില്ല. വീട്ടുവളപ്പിലെ കാർഷിക വിളകളും നശിപ്പിച്ചു. ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് യാത്രക്കാരെ ഭയപ്പാടിലാക്കുകയാണ്. തുടർച്ചയായി രണ്ടാംദിവസമാണ് സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുക്കുന്നത്. ഹോണടിച്ചും ഒച്ചവച്ചുമാണ് ആനകളെ പിന്തിരിപ്പിക്കുന്നത്. ആനകൾ നിൽക്കുന്നത് ശ്രദ്ധയിൽപെടുന്നതിനായി റോഡരികിലെ കാട് നാട്ടുകാർ തന്നെ വെട്ടിത്തെളിച്ചു.


