ഭരണസമിതി കാലാവധി തീരാറായിട്ടും ചൂർണിക്കരയിൽ ലൈഫ് പദ്ധതി എങ്ങുമെത്തിയില്ല
text_fieldsചൂർണിക്കര: ഭരണസമിതിയുടെ കാലാവധി തീരാറായിട്ടും ചൂർണിക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി പ്രഖ്യാപനത്തിൽതന്നെ. 600ൽപരം കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 1.10 കോടി രൂപ ചെലവിട്ട് ഭൂമി വാങ്ങി ഭവനങ്ങൾ നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഇതുവരെ നടപ്പായിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ എട്ടിലെ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ്, ഇക്കാര്യം മിനിറ്റ്സിൽ ചേർത്തിരുന്നത്. ഇതിലേക്കായി ജില്ല പഞ്ചായത്തിൽനിന്ന് 50 ലക്ഷം രൂപ വിഹിതം ലഭ്യമാക്കുമെന്നും 35 ലക്ഷം ഹഡ്കോ വായ്പ എടുക്കുമെന്നും തനത് ഫണ്ടിൽ നിന്ന് 25 ലക്ഷം വിനിയോഗിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഭൂമി കണ്ടെത്തുകയോ പരിശോധനകൾക്കായി ജില്ല ഭരണാധികാരികളെ അറിയിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ ജില്ല പഞ്ചായത്തിൽ നിന്നുള്ള തുകയ്ക്കും ഹഡ്കോ വായ്പക്കുമായി ഗൗരവമായ കത്തിടപാടുകൾ പോലും നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഹഡ്കോ വായ്പയായി കഴിഞ്ഞ വർഷം അഞ്ചുകോടി രൂപക്ക് പഞ്ചായത്ത് ശ്രമിച്ചിട്ട് പരാജയപ്പെട്ടതായി രേഖകളിൽ കാണുന്നുണ്ട്. പഞ്ചായത്തിന്റെ 2025-’26ലെ പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത് സ്വന്തമായി ഭൂമി കണ്ടെത്തുന്നവർക്കുള്ള ഭവന നിർമാണത്തിനുള്ള വിഹിതം മാത്രമാണ്.
എം.എൽ.എ ആവശ്യപ്പെട്ട പ്രകാരം ഫെബ്രവരി 12ന് തലസ്ഥാനത്ത് റവന്യു, തദ്ദേശ ഭരണമന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പങ്കെടുത്തിരുന്നു. അവിടെ അവർ പഞ്ചായത്തിൽ അശോകയിലെ 01.02 ഏക്കർ സർക്കാർ മിച്ചഭൂമി ഗ്രൗണ്ടായി നിലനിർത്തണമെന്ന വാദങ്ങളാണ് ഉന്നയിച്ചത്.
എന്നാൽ, പഞ്ചായത്തിൽ ലൈഫ് മിഷനിലെ നൂറുകണക്കിന് ഭൂരഹിതർക്ക് വേറെ ഏത് ഭൂമിയാണ് ലഭ്യമാക്കാനുള്ളത് എന്ന മന്ത്രിതല ചോദ്യങ്ങൾക്കുമുന്നിൽ ഇവർക്ക് ഉത്തരമില്ലായിരുന്നു. അശോക ഗ്രൗണ്ടിന് പരിഗണന നൽകണമെങ്കിൽ ഭൂരഹിതർക്കുള്ള ഭൂമി കണ്ടെത്തുക തന്നെ വേണമെന്ന കർശന നിലപാടാണ് യോഗത്തിൽ സർക്കാറും കൈക്കൊണ്ടത്. ഈ സാഹചര്യത്തിൽ തിരിച്ചെത്തിയ ശേഷമാണ് പഞ്ചായത്ത് അധികാരികൾ ഭൂരഹിതരെയും നാട്ടുകാരേയും കബളിപ്പിക്കുന്ന തരത്തിൽ ‘ഭൂമി വാങ്ങൽ പ്രഖ്യാപനം’ നടത്തിയിരിക്കുന്നത്.
2020ലെ പഞ്ചായത്ത് ഇലക്ഷൻ വേളയിലെ പ്രകടന പത്രികയിൽ ഭൂരഹിതർക്കായി പഞ്ചായത്തിൽ തന്നെ പുറമ്പോക്ക് ഭൂമികൾ കണ്ടെത്തി ഫ്ലാറ്റ് നിർമിക്കുമെന്ന വാഗ്ദാനം ലംഘിച്ചതിനെതിരെ ആക്ഷൻ കൗൺസിൽ - കോഓഡിനേഷൻ കമ്മിറ്റി ഫെബ്രുവരി 20 ന് പഞ്ചായത്തിന് മുന്നിൽ സമരം നടത്തിയിരുന്നു. എഫ്.ഐ.ടി കമ്പനിയിലെ സർക്കാർ പാട്ടഭൂമിക്കായി കലക്ടർ, ആർ.ഡി.ഒ എന്നിവർക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കത്തുകൾ അയച്ചത് ചൂണ്ടിക്കാണിച്ച് രേഖാമൂലം ഉറപ്പ് നൽകിയാണ് അന്ന് സമരം ഒത്തുതീർപ്പാക്കിയത്.
എന്നാൽ, ആർ.ഡി.ഒ തഹസീൽദാരോട് ഈ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തേടുകയും റവന്യു അധികാരികൾ എഫ്.ഐ.ടി കമ്പനിയുടെ കൈവശം സർക്കാർ പാട്ടഭൂമിയായി മൂന്ന് ഹെക്ടർ നിലവിലുണ്ടെന്നുള്ള റിപ്പോർട്ട് ആർ.ഡി.ഒക്കും പഞ്ചായത്ത് സെക്രട്ടറിക്കും നൽകുക മാത്രമാണ് ഉണ്ടായത്.
ഈ ഭൂമി ലൈഫ് മിഷനുവേണ്ടി സർവേ നടത്തിക്കാനുള്ള യാതൊരു നടപടിയും റവന്യൂ അധികാരികളുമായി ചേർന്ന് കൈക്കൊള്ളാതെ നിശബ്ദത പാലിക്കുകയാണ് പഞ്ചായത്ത് നാളിതുവരെ ചെയ്തത്. കലക്ടറാകട്ടെ വിഷയത്തിൽ പഞ്ചായത്തിന് മറുപടി പോലും നൽകിയിട്ടില്ല.
ഈ അനാസ്ഥ തുടർന്ന സാഹചര്യത്തിൽ ഭൂമി ലഭ്യതക്കായി സ്വീകരിച്ച നടപടികളുടെ യഥാർഥ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്, ലൈഫ് ആക്ഷൻ കൗൺസിൽ പഞ്ചായത്തിന് പെറ്റീഷൻ നൽകിയിരുന്നു. എന്നാൽ, അത് പഞ്ചായത്ത് യോഗത്തിൽ ചർച്ചക്കെടുക്കുകയോ മറുപടി നൽകുകയോ ചെയ്യാതെ കടുത്ത അവഗണനയാണ് പുലർത്തുന്നതെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നു.


