തൃപ്പൂണിത്തുറ; ഇരുമുന്നണിയുടെയും തട്ടകം
text_fieldsതൃപ്പൂണിത്തുറ: ഇടത്-വലത് മുന്നണികൾക്ക് ഒരുപോലെ പ്രാധാന്യമുള്ളതാണ് തൃപ്പൂണിത്തുറ നിയമസഭ മണ്ഡലം. നിസ്സാര വോട്ടിന് ജയപരാജയങ്ങൾ മാറിമറിയുന്ന മണ്ഡലം കൂടിയാണിത്. ബി.ജെ.പി ഉൾപ്പെടെ മറ്റ് പാർട്ടികൾ നേടുന്ന വോട്ടുകളും മണ്ഡലത്തിൽ നിർണായക ഘടകമാണ്. ഇത്തവണ പ്രചാരണത്തിലും മറ്റും എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായിരുന്നു. കഴിഞ്ഞ തവണത്തെ ഹൈബി നേടിയ റെക്കോഡ് ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. എന്നാൽ, പുതുമുഖങ്ങളെ രംഗത്തിറക്കി അട്ടിമറി വിജയം നേടിയ ചരിത്രത്തിലാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വന്നുപോയതിന്റെ ആവേശം ബി.ജെ.പിക്കുമുണ്ട്.
തൃപ്പൂണിത്തുറ, മരട് നഗരസഭകളും കണയന്നൂർ താലൂക്കിൽപ്പെട്ട കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും ഉൾപ്പെടുന്നതാണ് തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം. തദ്ദേശ തെരെഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കുമ്പോൾ നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. അതേസമയം, എറണാകുളം ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള നിയമസഭ മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.
ഇത്തവണ എങ്ങനെയും മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മരട് നഗരസഭ യു.ഡി.എഫ് ആണ് ഭരിക്കുന്നതെങ്കിലും തൃപ്പൂണിത്തുറ നഗരസഭയും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും എൽ.ഡി.എഫിന്റെ കൈയ്യിലാണ്. തൃപ്പൂണിത്തുറ, ഉദയംപേരൂർ, എരൂർ പ്രദേശങ്ങൾ എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളാണ്. മരട്, നെട്ടൂർ തുടങ്ങിയവ യു.ഡി.എഫിന്റെയും. 1967 മുതൽ 1987 വരെ മൂന്ന് മുതൽ ഏഴ് വരെ നിയമസഭകളിൽ സി.പി.എം, കോൺഗ്രസ് പ്രതിനിധികൾ മാറിമാറിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
എന്നാൽ 1991ൽ യു.ഡി.എഫിന്റെ കെ. ബാബു ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 2011 വരെ ബാബുവാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016ൽ സി.പി.എമ്മിന്റെ എം. സ്വരാജ് നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരികെ പിടിച്ചു. 2021ൽ ആയിരത്തിൽ താഴെ വോട്ടിനാണ് ബാബു മണ്ഡലം വീണ്ടും കൈപ്പിടിയിൽ ഒതുക്കിയത്. മതത്തിന്റെ പേരിൽ വോട്ട് പിടിച്ചു എന്ന് ആരോപിച്ച് കെ. ബാബുവിനെതിരെ എൽ.ഡി.എഫ് നൽകിയ തെരെഞ്ഞെടുപ്പ് കേസിൽ നേടിയ വിജയം തങ്ങൾക്ക് മണ്ഡലത്തിൽ അനുകൂലഘടകമാകുമെന്ന കണക്ക് കൂട്ടലും യു.ഡി.എഫിനുണ്ട്. എന്നാൽ, മണ്ഡലത്തിലെ സ്ത്രീ വോട്ടുകൾ ഉൾപ്പെടെ ഉറപ്പാക്കി മുന്നിലെത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.