അടച്ചിട്ട ഫ്ലാറ്റിൽനിന്ന് മൂന്നുലക്ഷവും എട്ടുപവനും കവർന്നു
text_fieldsചൂർണിക്കര: രണ്ടാഴ്ചയായി അടച്ചിട്ട ഫ്ലാറ്റിൽനിന്ന് എട്ട് പവൻ സ്വർണാഭരണങ്ങളും മൂന്നുലക്ഷം രൂപയും കവർന്നു. ദേശീയപാതയിൽ കമ്പനിപ്പടിക്ക് സമീപം ഫെഡറല്‍ അപ്പാര്‍ട്മെന്റ്-ബി മൂന്നിലെ ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ബൻസാലിന് പുറമെ ഭാര്യ കിരണ്‍ ബെന്‍സല്‍, മക്കളായ ശുഭം, ഹാര്‍ദിക് എന്നിവരായിരുന്നു താമസക്കാര്‍.
ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിൽ പോയതാണ്. ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. മൂന്നാംനിലയിലെ ഫ്ലാറ്റിലേക്ക് കയറാന്‍ ഏണി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, അപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ ഏണിയല്ല ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന്റെ വാതിലോ പൂട്ടോ പൊളിച്ചിട്ടില്ല.
അകത്തെ മൂന്ന് അലമാരകൾ കുത്തിപ്പൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നത്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന നേപ്പാൾ സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 25 വര്‍ഷമായി ബെന്‍സാല്‍ കുടുംബം കേരളത്തില്‍ സ്റ്റീല്‍ ബിസിനസ് നടത്തിവരുകയാണ്.