ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
text_fieldsമൂവാറ്റുപുഴ മുടവൂർ തവളക്കവലക്ക് സമീപം കൂട്ടിയിടിച്ച കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ മൂവാറ്റുപുഴ മുടവൂർ തവള കവലക്ക് സമീപം ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി ബസും എതിരെ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരായ രണ്ട് പേർക്കും സ്വകാര്യ ബസിലെ എട്ട് പേർക്കുമാണ് പരിക്കേറ്റത്. ബസുകളുടെ മുൻഭാഗം തകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൊലീസ് നേതൃത്വത്തിൽ വാഹനങ്ങൾ മാറ്റി പുന:സ്ഥാപിച്ചു.
മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ ബസുകളുടെ അമിത വേഗവും മത്സര ഓട്ടവും പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്. റൂട്ടിൽ വേഗ നിയന്ത്രണ പരിശോധനയും റോഡ് സുരക്ഷ സംവിധാനങ്ങളും ഇല്ലാത്തതാണ് അപകടം പതിവാകാൻ കാരണം. റോഡിന് വീതിയും കുറവാണ്. അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു. മുമ്പ് അമിതവേഗതയിൽ ഓടിച്ച് അപകടം സൃഷ്ടിച്ച ബസ് തടഞ്ഞ് നാട്ടുകാർ ജീവനക്കാരെ ചൂടുള്ള കട്ടൻ ചായ കുടിപ്പിച്ച സംഭവം നടന്നിരുന്നു.