എസ്.ഐയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകല്ലൂർക്കാട് ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
മൂവാറ്റുപുഴ: വാഹനപരിശോധനക്കിടെ കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന ഒന്നാംപ്രതിയെ പൊലീസ് കസ്റ്റഡിൽവിട്ടു.
മൂവാറ്റുപുഴ കമ്പനിപ്പടിയിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് മണിയാർകുടിയിൽ മുഹമ്മദ് ഷെരീഫിനെയാണ് (34) മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചുദിവസത്തേക്ക് കല്ലൂർക്കാട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവിൽപോയ ഇയാൾ ബുധനാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്. ഷെരീഫിനൊപ്പം ഉണ്ടായിരുന്ന തൊടുപുഴ മടക്കത്താനം സ്വദേശി ആസിഫിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വഴിയാഞ്ചിറയിൽ വാഹന പരിശോധനക്കിടെ ഷെരീഫും ആസിഫും സഞ്ചരിച്ചിരുന്ന കാർ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ എത്തിയപ്പോഴാണ് എസ്.ഐ ഇ.എം. മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പ്രതിയുമായി തെളിവെടുപ്പ്
മൂവാറ്റുപുഴ: വാഹന പരിശോധനയ്ക്കിടെ കല്ലൂർക്കാട്ഗ്രേഡ് എസ്. ഐ യെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽപൊലീസിന്റെ കസ്റ്റഡിൽ വിട്ട ഒന്നാംപ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാഴത്തോപ്പ് മണിയാറംകുടി മുഹമ്മദ് ഷെരീഫിനെയാണ് പൊലീസ് സംഭവം നടന്ന വഴിയാഞ്ചിറ ഭാഗത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
പരിശോധനയ്ക്കെത്തിയ എസ്.ഐ തന്റെ കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ച് തിരിച്ചപ്പോൾ എസ്.ഐ യുടെ കാലിലൂടെ കാർ കയറുകയായിരുന്നെന്നാണ് പ്രതി തെളിവെടുപ്പിനിടെ മൊഴി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച കല്ലൂർക്കാട് ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.