ഗവ. ടി.ടി.ഐ സ്കൂളിൽ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം
text_fieldsഗവ. ടി. ടി. ഐ സ്കൂളിലെ വയറിങ്ങുകൾ തകർത്ത നിലയിൽ
മൂവാറ്റുപുഴ: ഓണാവധിക്കാലത്ത് നഗരമധ്യത്തിലെ ഗവ. ടി.ടി.ഐ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. വയറിങ്ങുകൾ അടക്കം നശിപ്പിച്ചു. ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച അധ്യാപകർ എത്തിയപ്പോഴാണ് സാമൂഹ്യ വിരുദ്ധർ വ്യാപക നാശം വരുത്തിയത് കണ്ടെത്തിയത്. ഇലക്ട്രിക് വയറുകൾ നശിപ്പിക്കുകയും ചെമ്പുകമ്പികൾ മോഷ്ടിക്കുകയും ചെയ്തു. സ്കൂൾ മുറ്റത്തെ ചെടിച്ചട്ടികളും നശിപ്പിച്ചു. ശുചി മുറിയുടെ വാതിൽ തകർക്കുകയും ചെയ്തു.
വാഴകൾ നശിപ്പിച്ച ശേഷം വാഴക്കുലകൾ വെട്ടി എറിഞ്ഞു. ഇലക്ട്രിക് വയറുകൾ നശിപ്പിച്ചതോടെ എൽ.പി, യു.പി, നഴ്സറി സ്കൂളുകളിൽ വൈദ്യുതി ബന്ധം താറുമാറായി. ഫ്യൂസുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. ടി.ടി.ഐയുടെ പ്രധാന കെട്ടിടത്തിൽ നിന്നാണ് മറ്റുള്ള കെട്ടിടങ്ങളിലേക്ക് വൈദ്യുതി കണക്ഷൻ പോയിരുന്നത്. ഈ വയറുകൾ ആണ് നശിപ്പിക്കപ്പെട്ടത്. 30000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ശുചിമുറിയുടെ വാതിലുകൾ പൂർണമായി തകർത്തു. സ്കൂളിൽ അസംബ്ലിക്ക് മൈക്ക് സെറ്റും ബോക്സും സ്ഥാപിക്കാൻ വെച്ചിരുന്ന പ്ലഗുകളും നശിപ്പിച്ചു. പ്രിൻസിപ്പൽ പി.എസ്. ഷിയാസ് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. നഗരമധ്യത്തിലെ ഒറ്റപ്പെട്ട സത്രക്കുന്നിലാണ് ഗവ. ടി.ടി.ഐ. വിജനമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചുറ്റുമതിലുകളും ഗേറ്റുകളും സുരക്ഷിതമായല്ല നിർമിച്ചിരിക്കുന്നത്. മുമ്പും സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ക്രൂരത അരങ്ങേറിയിരുന്നു.