അധികൃതർക്ക് പണമില്ല, സമയവും; പാലത്തിലെ കുഴികളടച്ച് ഓട്ടോ ഡ്രൈവർമാർ
text_fieldsലതാ പാലത്തിൽ കുഴിയടക്കുന്ന ഓട്ടോ തൊഴിലാളികൾ
മൂവാറ്റുപുഴ: നഗരത്തിലെ ലതാ പാലത്തിൽ രൂപപ്പെട്ട വൻ കുഴികൾ അടച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ. അപകടങ്ങളും കുരുക്കും രൂക്ഷമായതോടെയാണ് അവർ രംഗത്തിറങ്ങിയത്. തിരക്കേറിയ മൂവാറ്റുപുഴ - തൊടുപുഴ റോഡിലെ പാലത്തിൽ രൂപപ്പെട്ട കുഴികൾ ദുരിതം വിതക്കാൻ തുടങ്ങിയിട്ട് നാളുകളായി.
റോഡ് വികസനം നടക്കുന്ന പട്ടണത്തിലെ ലതാ, കച്ചേരിത്താഴം പാലങ്ങളിൽ രൂപപ്പെട്ട കുഴികൾ ദുരിതമായതോടെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും പരാതി ഉന്നയിച്ചെങ്കിലും അധികൃതർ നടപടിയെടുത്തില്ല. കുഴിയിൽ വീഴാതിരിക്കാൻ ശ്രമിക്കുമ്പോൾ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. പാലത്തിൽ നിറയെ കുഴികളാണ്. ഒരു മാസം മുമ്പ് പാലത്തിലെ വൻ കുഴിയിൽ തെങ്ങ് നട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അന്ന് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി കുഴി അടച്ചു. ഇതിന് തൊട്ടടുത്താണ് വീണ്ടും വലിയ കുഴി രൂപപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നത്.
ജനപ്രതിനിധികളടക്കം ആരും പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ മുന്നിട്ടിറങ്ങിയത്. ട്രാഫിക് പൊലീസിന്റെ അനുമതിയോടെ പാലത്തിലൂടെ ഗതാഗതം കുറച്ച് നേരം നിർത്തിവെച്ചാണ് വി.ജി. വേണു, ദിലീപ് സത്യ, സജി, അലി സാലിഹ് തുടങ്ങി ഇരുപതോളം ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് വാഹനങ്ങളിൽ സാമഗ്രഹികൾ എത്തിച്ച് കുഴികൾ അടച്ചത്. കച്ചേരിത്താഴത്തുള്ള പാലത്തിലും നിറയെ കുഴികളാണ്.
കുഴിയോട് കുഴി, റോഡെല്ലാം കുളമായി
മൂവാറ്റുപുഴ: മൂവാറ്റുപുഴ പട്ടണത്തിലെ റോഡുകളെല്ലാം തകർന്ന് ഗതാഗത യോഗ്യമല്ലാതായി. മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നു പോകുന്ന മൂവാറ്റുപുഴ ടൗണിൽ എം.സി റോഡ് കടന്നു പോകുന്ന കച്ചേരിത്താഴം മുതൽ പി.ഒ വരെ നഗര റോഡ് വികസനം നടക്കുകയാണ്. ഇത് ഒഴിച്ചുള്ള എം.സി റോഡ് ഭാഗങ്ങളും ദേശീയപാതയും അടക്കം കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. വാഹനങ്ങൾ തിരിച്ചു വിടുന്ന റോഡുകളെല്ലാം തകർന്ന് ഗതാഗത കുരുക്ക് രൂക്ഷമാണ്. പ്രതിഷേധം കനക്കുമ്പോൾ പേരിന് ഓട്ടയടക്കൽ നടക്കും, അതിന് പിന്നാലെ വീണ്ടും കുഴികൾ രൂപപ്പെടും.
വെള്ളൂർക്കുന്നത്ത് സംസ്ഥാന പാത തകർന്ന് കിടക്കുകയാണ്. വൺവേ റോഡിൽ മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് അടക്കം പൂർണമായി തകർന്ന നിലയിലാണ്. കാവുപടി റോഡിന്റെ അവസ്ഥയും ഭിന്നമല്ല. റോഡിന്റെ ശോച്യാവസ്ഥക്ക് എതിരെ നാട്ടുകാർ വാഴ നടൽ സമരം നടത്തി മടുത്തതോടെ കുഴികളിൽ തെങ്ങ് നട്ട് പ്രതിഷേധിച്ചു. എന്നിട്ടും കുഴികൾ അടക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. നഗരസഭ റോഡുകളുടെ അവസ്ഥ ദയനീയമാണ്. 28 വാർഡുകളിലെയും മുഴുവൻ റോഡുകളും തകർന്നു കിടക്കുകയാണ്.