വോട്ട് തരണേ, ബിരിയാണി തരാം
text_fieldsമൂവാറ്റുപുഴ: ഒരുവോട്ട് വാങ്ങിയെടുക്കാൻ എന്തെല്ലാം പെടാപ്പാടുകൾ. വോട്ടർമാർക്ക് ബിരിയാണിയും തേങ്ങാച്ചോറും ബീഫും വിളമ്പി വോട്ട് ഉറപ്പിക്കുകയാണ് സ്ഥാനാർഥികൾ. മുന്നണി സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർഥികളും ബിരിയാണി മാമാങ്കവുമായി രംഗത്തെത്തി കഴിഞ്ഞു.
മൂവാറ്റുപുഴ മേഖലയിലെ ചില സ്ഥാനാർഥികളാണ് ബിരിയാണിയും തേങ്ങാച്ചോറും നൽകി വോട്ട് വാങ്ങിയെടുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ ഒരു പ്രധാന ഭക്ഷണവിഭവമാണ് തേങ്ങാച്ചോറും ബീഫും. പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ നഗരസഭയിലും മത്സരിക്കുന്ന ചില സ്ഥാനാർഥികളാണ് ഭക്ഷണം വിളമ്പി വോട്ട് നേടാനുള്ള ശ്രമവുമായി രംഗത്തുള്ളത്. നിരവധി പേർ ഇതുവരെ തങ്ങളുടെ വാർഡുകളിൽ ബിരിയാണിസദ്യ നടത്തി.
എങ്ങനെയും വോട്ടു വാങ്ങി എടുക്കുക എന്ന ‘സദുദ്ദേശ്യ’മാണ് ഈ സദ്യക്ക് പ്രചോദനം. വോട്ട് തനിക്കും കിട്ടണം എന്നതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ എതിർ സ്ഥാനാർഥിയും ഇത്തരം പരീക്ഷണങ്ങളിൽ മുന്നിൽ തന്നെയാണ്. ബീഫ് ബിരിയാണിയാണ് എല്ലാവരും നൽകുന്നത്. ഇത് കാറ്ററിങ് തൊഴിലാളികൾക്കും തെരഞ്ഞെടുപ്പ് ചാകരയായി.


