ഭീഷണിയായി ബസുകളുടെ മത്സരയോട്ടം
text_fieldsമൂവാറ്റുപുഴ: ആരക്കുഴ-പണ്ടപ്പിള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലെ മത്സരയോട്ടം യാത്രക്കാർക്ക് അടക്കം ഭീഷണിയായി. മത്സരയോട്ടവും സമയക്രമത്തെ ചൊല്ലിയുള്ള തർക്കവും മൂലം അപകടങ്ങളും വർധിക്കുന്നു. കഴിഞ്ഞ ദിവസം മത്സരയോട്ടത്തിനിടെ ഒരു ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിച്ചിരുന്നു. തുടർന്ന് രണ്ട് ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു.
മൂവാറ്റുപുഴ-പണ്ടപ്പിള്ളി-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളാണ് മത്സരയോട്ടം നടത്തുന്നതും പരസ്യമായി ഏറ്റുമുട്ടുന്നതും. ഇതിനെതിരെ ബസ് തൊഴിലാളികൾ തന്നെ പലവട്ടം പൊലീസിനു പരാതി നൽകിയിട്ടും നടപടി എടുത്തിരുന്നില്ല. ഒരു മാസം മുമ്പ് മത്സരയോട്ടം നടത്തുന്ന ബസിലെ ജീവനക്കാർ മറ്റൊരു ബസിലെ ജീവനക്കാരെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് പിന്നിൽ മത്സരയോട്ടം നടത്തിയ ബസ് ഇടിപ്പിച്ചത്. സമയം തെറ്റിച്ച് എത്തിയ ബസ് ആരക്കുഴ മൂഴിയിൽ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പിന്നാലെ വന്ന ബസ് ഈ ബസിന് മുന്നിൽ നിർത്തി.
ഇതിൽ പ്രകോപിതനായാണ് പിറകിലെ ബസ് ഡ്രൈവർ മുന്നിലെ ബസിന്റെ പിന്നിൽ ഇടിപ്പിച്ചത്. രണ്ട് ബസിലെയും യാത്രക്കാർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ പൊലീസിന് പരാതി നൽകുകയും ബസുകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തെങ്കിലും നിസാര വകുപ്പുൾ ചുമത്തിയാണ് കേസ് എടുത്തത്. സംഭവത്തിൽ ആർ.ടി.ഒക്കും റൂറൽ ജില്ല പൊലീസ് മേധാവിക്കും യാത്രക്കാരും ബസ് തൊഴിലാളികളും പരാതി നൽകിയിട്ടുണ്ട്.