കുറ്റകൃത്യങ്ങൾ പെരുകുന്നു; നഗരത്തിൽ നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതം
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും നിരീക്ഷണ കാമറകളുടെ അഭാവത്തിൽ പ്രവർത്തനരഹിതം. സമീപ പട്ടണങ്ങളിലെല്ലാം നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും മൂവാറ്റുപുഴയിലെ കാമറകൾ കണ്ണടച്ചിട്ട് എട്ടുവർഷം പിന്നിടുന്നു.
അപകടങ്ങളും വാഹന മോഷണങ്ങളും മറ്റു കുറ്റകൃത്യങ്ങളും പെരുകിയതോടെ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിക്കണം എന്ന ആവശ്യവുമായി പൊലീസ് തന്നെ രംഗത്തെത്തി. എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടായിട്ടില്ല.
കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് 32 കാമറകളാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. എന്നാൽ വളരെ പെട്ടെന്നു തന്നെ എല്ലാം നിശ്ചലമാവുകയും ചെയ്തു. കൗൺസിലർമാരുടെയും പൊലീസിന്റെയും മൊബൈൽ ഫോണിൽ അടക്കം നഗരത്തിലെ ചലനങ്ങൾ കാണുമെന്ന് പ്രചരിപ്പിച്ചായിരുന്നു കാമറകൾ സ്ഥാപിച്ചിരുന്നത്. മാലിന്യം തള്ളൽ കണ്ടെത്തുന്നതിനു കൂടി ലക്ഷ്യംവെച്ച് നഗരത്തിലെ പി.ഒ ജങ്ഷൻ, കച്ചേരിത്താഴം, വെള്ളൂർക്കുന്നം, വാഴപ്പിള്ളി, കീച്ചേരിപ്പടി, നെഹ്റുപാർക്ക്, ഇ. ഇ.സി മാർക്കറ്റ് റോഡ്, സ്റ്റേഡിയം, ആശ്രമം ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവ വെച്ചത്.
മാലിന്യം തള്ളുന്നത് കണ്ടെത്തുന്നതിനു പുറമെ മോഷണവും അക്രമവും ഗതാഗതനിയമ ലംഘനവും ഒക്കെ കണ്ടെത്തി പൊലീസിനടക്കം നടപടി സ്വീകരിക്കാൻ കഴിയുമെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. 15 ലക്ഷം രൂപ ചെലവഴിച്ച് കാമറകൾ സ്ഥാപിച്ചതിനു പിന്നാലെ പൊലീസ് സ്റ്റേഷനിൽ കൺട്രോൾ യൂനിറ്റും സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ കാമറകൾ തകരാറിലായി. പിന്നീട് ഇവ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.
പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് കൗൺസിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ച് എട്ട് കാമറകൾ സ്ഥാപിച്ചെങ്കിലും പൊലീസ് സ്റ്റേഷനുമായി ഇത് ബന്ധിപ്പിച്ചിരുന്നില്ല. നഗര റോഡ് വികസനം പൂർത്തിയായി വരുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അപകടങ്ങൾ കുറക്കുന്നതിനും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കാമറകൾ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ആവശ്യം പൊലീസും ഉന്നയിക്കുന്നുണ്ട്.


