ഒമ്പതര കിലോ കഞ്ചാവുമായി മൂന്നു ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി
text_fieldsപ്രതികൾ, പിടികൂടിയ കഞ്ചാവ്
മൂവാറ്റുപുഴ : ഒമ്പതര കിലോ കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ സമീൻ ഷേഖ് (30 )മമൻ ഷേഖ് (25), അബിഖുൽ ഇസ്ലാം (25) എന്നിവരെയാണ് മൂവാറ്റുപുഴ പെരുമറ്റത്തുവെച്ച് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ ടി. സബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് മൂവാറ്റുപുഴ നിന്നും കോതമംഗലത്തേക്ക് കഞ്ചാവുമായി മൂവർസംഘം സ്കൂട്ടറിൽ വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പെരുമറ്റത്ത് വച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് വിൽപനക്കാർ പിടിയിലായത്. പിടികൂടുമ്പോൾ 2 കിലോ കഞ്ചാവ് വണ്ടിയിൽ നിന്ന് കിട്ടിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പെരുമറ്റത്ത് കോതമംഗലം പുഴയുടെ തീരത്ത് പൊന്തക്കാട്ടിൽ ഒളിപ്പിച്ചുവച്ച ഏഴര കിലോ കഞ്ചാവു കൂടി കണ്ടെത്തിയത്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിൽപനക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണന്ന് എക്സൈസ് അറിയിച്ചു.
നാട്ടുകാരുടെ സഹായം ലഭിച്ചതിനാലാണ് കൂടുതൽ കഞ്ചാവ് കണ്ടെടുക്കാൻ കഴിഞ്ഞതെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.


