വിജയാഹ്ലാദ പ്രകടനത്തിനിടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു
text_fieldsപടക്കമെറിഞ്ഞതിനെത്തുടർന്ന് വീടിന്‍റെ ജനൽചില്ല് തകർന്നനിലയിൽ
മൂവാറ്റുപുഴ: ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകന്‍റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതായി പരാതി. ഒന്നാം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റായി പ്രവർത്തിച്ചിരുന്ന പുളിഞ്ചുവട് കവല പുതിയേടത്ത് അലിയുടെ വീട്ടിലേക്കാണ് പടക്കം എറിഞ്ഞത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. നഗരസഭ ഒന്നാംവാർഡിൽനിന്ന് വിജയിച്ച സ്ഥാനാർഥിയുടെ ആഹ്ലാദപ്രകടനത്തിനിടെ പടക്കം എറിയുകയായിരുന്നു.
നഗരസഭ ഒന്നാം വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. സുബൈറായിരുന്നു വിജയിച്ചത്. രാവിലെ 8.45 ന് സ്ഥാനാർഥി വിജയിച്ച വിവരമറിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ സംഘം പടക്കം എറിയുകയായിരുന്നു. പിന്നീട് വിജയാഹ്ലാദ പ്രകടനത്തിനിടയിലും പടക്കം എറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലന്ന് കെ.കെ. സുബൈർ പറഞ്ഞു.


