അവധിക്കാലം; പോയാലിമലയിൽ സഞ്ചാരികളുടെ തിരക്കേറി
text_fieldsപോയാലിമല
മൂവാറ്റുപുഴ: അവധിക്കാലമായതിനാൽ മൂവാറ്റുപുഴയുടെ സ്വന്തം ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമലയിലേക്ക് സന്ദർശകപ്രവാഹം. പോയാലിമലയുടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഇളംകാറ്റിലും കുളിരിലും ഇത്തിരിനേരം ചെലവഴിക്കാനുമാണ് സഞ്ചാരികൾ മലകയറുന്നത്. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് ദിനേന മലയിൽ എത്തുന്നത്.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലാണ് സമുദ്രനിരപ്പിൽനിന്ന് 600 അടി ഉയരത്തിലുള്ള, പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറഞ്ഞ പോയാലിമല. പായിപ്ര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മലയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് നവംബർ മുതൽ മേയ് വരെയാണ്.
കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മലയിലെ വറ്റാത്ത കിണറും മനുഷ്യ കാൽപാദങ്ങൾ പതിഞ്ഞ പാറയും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നതാണ്. അതേസമയം, മലമുകളിലെത്തുക ഏറെ സാഹസികമാണ്. കല്ലുകളും പാറകളും ചാടിക്കടന്നാണ് മലമുകളില്‍ എത്തുന്നത്. നഗരത്തില്‍നിന്ന് ആറുകിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഇവിടം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ ഒന്നുമായില്ല.
നേരത്തേ മലയിലേക്കെത്താന്‍ നിരവധി വഴികളുണ്ടായിരുന്നെങ്കിലും മിക്കതും പലരും കൈയേറിക്കഴിഞ്ഞു. മലയുടെ താഴ്ഭാഗം മുഴുവന്‍ സ്വകാര്യവ്യക്തികളുടെ കൈവശവുമായി. നിലവില്‍ നിരപ്പ് ഒഴുപാറയില്നിന്ന് ആരംഭിക്കുന്ന ചെറിയ വഴിമാത്രമാണ് മലമുകളിലേക്കുള്ളത്. മലയുടെ മറുഭാഗത്തെ മനോഹര കാഴ്ചയായിരുന്ന വെള്ളച്ചാട്ടം കരിങ്കല്‍ ഖനനംമൂലം അപ്രത്യക്ഷമായി.
പദ്ധതി തയാറാക്കിയിട്ട് ഒന്നര വർഷം
സഞ്ചാരികൾ കൂടിയതോടെ മലയിൽ ടൂറിസം വികസനത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പലതവണ പദ്ധതി തയാറാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഒടുവിൽ ഒന്നര വർഷം മുമ്പ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറി. തുടർന്ന് വിശദപദ്ധതി രേഖ തയാറാക്കുകയും മൂന്നുമാസം മുമ്പ് ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
99 ലക്ഷം രൂപയാണ് പ്രാഥമിക നിർമാണ പ്രവൃത്തികൾക്ക് അനുവദിച്ചത്. ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കൈവരികൾ എന്നിവ നിർമിക്കാനായിരുന്നു പദ്ധതി. പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വഴിവിളക്കുകൾ എന്നിവ ഒരുക്കാനുള്ള തുക പഞ്ചായത്ത് കണ്ടെത്തണമെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല. മലയിലേക്കുള്ള റോഡ് നിർമാണം, റോപ് വേ, വ്യൂ പോയന്റുകളിൽ കാഴ്ചസൗകര്യങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, മലമുകളിലെ അത്ഭുത കിണറും കാൽപാദവും വെള്ളച്ചാട്ടവും കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക എന്നിവയായിരുന്നു വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്.