കക്കടാശേരി–കാളിയാർ റോഡ് ഉദ്ഘാടനം നാളെ
text_fieldsനവീകരിച്ച കക്കടാശേരി - കാളിയാർ റോഡ്
മൂവാറ്റുപുഴ: നിർമാണം പൂർത്തിയാക്കിയ കക്കടാശേരി - കാളിയാര്‍ റോഡിന്റെ ഉദ്ഘാടനം വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കാലമ്പൂർ കവലയിൽ ഉച്ചക്ക് 12നാണ് ഉദ്ഘാടനം. കക്കടാശേരി മുതൽ - മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെ 20. 200 കിലോമീറ്റർ ദൂരത്തെ നിർമാണങ്ങൾക്ക് 67.91 കോടി രൂപ ചിലവഴിച്ചു.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പുതിയ സർക്കാർ എത്തിയശേഷം 2022ലാണ് നിർമാണത്തിന് തുടക്കമായത്. 2024 ൽ നിര്‍മാണം പൂർത്തിയാക്കിയ റോഡ് ജനങ്ങൾക്കു തുറന്നു കൊടുത്തെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നില്ല.
കക്കടാശ്ശേരിയില്‍ നിന്നാണ് റോഡ് ആരംഭിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡല അതിര്‍ത്തിയായ ഞാറക്കാട് വരെ ഭാഗത്തെ ആദ്യ റീച്ചിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തിൽ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി എല്‍.ആൻഡ്. ടി ഏജന്‍സിയാണ് വിശദ പദ്ധതി രേഖയും എസ്റ്റിമേറ്റും തയാറാക്കിയത്. കെ.എസ്.ടി.പിയ്ക്കായിരുന്നു നിർമാണ ചുമതല. ഉന്നത നിലവാരത്തിൽ 6 മീറ്റര്‍ വീതിയിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഇടുക്കിയില്‍ എത്തിച്ചേരാനാകുന്ന ദൂരം കുറഞ്ഞ റോഡാണിത്. കൊച്ചിയില്‍ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിൽ എത്താന്‍ 15 കിലോമീറ്ററും എറണാകുളം -ഇടുക്കി യാത്ര ദൂരത്തില്‍ 35 കിലോമീറ്ററും ദൂരക്കുറവ് ഉണ്ടാകും. റോഡ് കടന്നു പോകുന്ന കിഴക്കൻ മേഖലയിലെ ഗ്രാമങ്ങളുടെ ഗതാഗത വികസനവും ലക്ഷ്യമിട്ടിരുന്നു. നിർമാണം പൂർത്തിയായി തുറന്നു കൊടുത്തതോടെ അപകടവും പെരുകി.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല
മൂവാറ്റുപുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കക്കടാശേരി - കാളിയാർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കാൻ ബാക്കി. ടാറിങ് അടക്കം ജോലികൾ ഒരു വർഷം മുമ്പ് പൂർത്തിയായ റോഡിൽ പ്രധാന പ്രവർത്തനങ്ങൾ ഇനിയും ബാക്കിയാണ്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ റോഡ് ആരംഭിയ്ക്കുന്ന കക്കടാശേരി കവലയിലും തിരക്കേറിയ പൈങ്ങോട്ടർ കവലയിലും ജങ്ഷൻ വികസനം പൂർത്തിയാക്കിയിട്ടില്ല.
പൈങ്ങോട്ടൂരിൽ ട്രാഫിക് ഐലൻറ് നിർമാണവും നടന്നില്ല. ഇത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഐറിഷിങും സിദ്ധൻ പടി അടക്ക സ്ഥലങ്ങളിൽ റോഡിന് സംരക്ഷണ ഭിത്തികളും നിർമിച്ചിട്ടില്ല. പുന്നമറ്റത്ത് അടക്കം ഓട നിർമാണവും നടന്നില്ല. വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാനുള്ള ജോലികളും ബാക്കിയാണ്.


