ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിച്ചൊരു സ്കൂൾ കെട്ടിടം
text_fieldsമുളവൂർ ഗവ. സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ചോർച്ച അടക്കാനായി വാട്ടർ പ്രൂഫ് ചെയ്യുന്നു
മൂവാറ്റുപുഴ: 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മുളവൂർ ഗവ. യു.പി സ്കൂൾ മന്ദിരം ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിക്കുന്നു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള പണം ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. ജനുവരിയിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ച മുമ്പ് പെയ്ത മഴയിൽ കെട്ടിടം ചോർന്നൊലിക്കുകയായിരുന്നു. കെട്ടിടത്തിൽ പല സ്ഥലങ്ങളിലായി ചോർച്ചയും വിള്ളലുകളും കണ്ടെത്തിയതോടെ ഉയർന്ന പരാതികൾക്കൊടുവിൽ കരാറുകാരൻ കഴിഞ്ഞ ദിവസം വാട്ടർ പ്രൂഫ് കെമിക്കൽ ഉപയോഗിച്ച് അടക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇത് തടയാൻ ശ്രമിക്കുകയും ചെയ്തു.
വിള്ളലുണ്ടായ ഭാഗങ്ങൾ സ്കൂൾ അധികൃതരെയോ സ്കൂൾ പി.ടി.എയോ അറിയിക്കാതെയാണ് വാട്ടർപ്രൂഫ് കെമിക്കൽ ഉപയോഗിച്ച് അടച്ചതെന്നും അവർ ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
എന്നാൽ, ചോർച്ച കണ്ടെത്തിയ ഉടൻ നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച അസി. എൻജിനീയറെയും മറ്റും വിവരം അറിയിച്ചതായി സ്കൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു. എക്സിക്യൂട്ടിവ് എൻജിനീയറെയും വിവരം അറിയിച്ചു. തുടർന്ന്, ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ നിർദേശമനുസരിച്ചാണ് വാട്ടർ പ്രൂഫിങ് നടത്തിയതെന്നും അവർ വ്യക്തമാക്കി. മൂന്ന് ക്ലാസ് മുറിയുള്ള കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പണി പൂർത്തിയാക്കി തുറന്നുനൽകാനുള്ള നടപടിയാണ് പുരോഗമിച്ചിരുന്നത്. കെട്ടിടനിർമാണം പൂർത്തിയായിെല്ലങ്കിൽ കുട്ടികൾ മുറ്റത്തിരുന്ന് പഠിക്കേണ്ട സ്ഥിതിയാണ്. നിലവിലുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു. ഇത് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.