പായിപ്രയിൽ മോഷണം തുടർക്കഥ; ഓയിൽകടയിലെ പണം കവർന്നു
text_fieldsമോഷണം നടന്ന ഓയിൽ കടയിൽ പൊലീസ് പരിശോധിക്കുന്നു
മൂവാറ്റുപുഴ: പായിപ്രയിൽ ഓയിൽ കടയിൽനിന്ന് 6,000 രൂപ കവർന്നു. സ്കൂൾപ്പടിയിലെ ടോപ്പ് മാസ് ട്രേഡിങ് കമ്പനിയിൽ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ മൂന്ന് ഷട്ടറുകളിൽ മധ്യഭാഗത്തുള്ളതിന്റ ലോക്കും ഗ്ലാസ് ഡോറും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
തൊട്ടടുത്തുള്ള ഇഷ്ടിക കമ്പനിയിൽ നിന്ന് പിക്കാസെടുത്തു കൊണ്ടുവന്നാണ് ലോക്ക് തകർത്തത്. തലയിലൂടെ തുണിയിട്ടിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ഒരു മിനിറ്റിൽ താഴെ മാത്രമാണ് മോഷ്ടാവ് കടയിൽ ചെലവഴിച്ചത്. മേശയിൽ സൂക്ഷിച്ചിരുന്ന 6,000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ഉടമ സഹീർ മൂശാരിമോളം പറഞ്ഞു.
മൂവാറ്റുപുഴ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തി. പ്രദേശത്ത് കുറച്ചുദിവസമായി മോഷണവും, മോഷണ ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വാർഡ് മെംബർ സക്കീർ ഹുസൈൻ ആവശ്യപ്പെട്ടു.