മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ്; രണ്ടുവർഷമായി തുറക്കാതെ കംഫർട്ട് സ്റ്റേഷൻ
text_fieldsമൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിലെ അടച്ചുപൂട്ടിയ കംഫർട്ട് സ്റ്റേഷൻ
മൂവാറ്റുപുഴ: നിരവധി ബസുകളും യാത്രക്കാരും എത്തുന്ന മാർക്കറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട്സ്റ്റേഷൻ തുറക്കാൻ നടപടിയായില്ല. സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും ബസ് ജീവനക്കാരും മലമൂത്ര വിസർജനത്തിന് ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട അവസ്ഥയിലാണ്. അഞ്ച് ലക്ഷം രൂപ ചെലവിൽ കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കി തുറന്നു നൽകിയ കംഫർട്ട്സ്റ്റേഷൻ വെള്ളം ഇല്ലാത്തതിനെ തുടർന്ന് രണ്ടുവർഷം മുമ്പാണ് അടച്ചുപൂട്ടിയത്. എന്നാൽ പിന്നീട് തുറന്നു നൽകാൻ നടപടിയുണ്ടായില്ല. ബസ് ജീവനക്കാർ പരാതിയുമായി രംഗത്തുവന്നെങ്കിലും നടപടി ഉണ്ടായില്ല.
സ്റ്റാൻഡിൽ ബസുകൾ എത്താത്തതിനെതിരെ പരാതി ഉയരുമ്പോൾ ബസ് ജീവനക്കാർ ഉന്നയിച്ച പ്രധാന കാരണം ശുചിമുറി സൗകര്യം ഇല്ലെന്നായിരുന്നു. വാട്ടർ കണക്ഷൻ എടുത്താൽ തീരാവുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകാത്തതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ പ്രധാന ബസ് സ്റ്റാൻഡുകളിൽ ഒന്നായ മാർക്കറ്റ് ബസ് സ്റ്റാൻഡിലേക്ക് ബസുകൾ വരാതെ എവറസ്റ്റ് കവലക്ക് സമീപത്തെ ഹോമിയോ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.
ആറു പതിറ്റാണ്ടു മുമ്പ് നഗരസഭ നിർമിച്ച ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് മാർക്കറ്റ് സ്റ്റാൻഡ്. തൊടുപുഴ, പിറവം, കൂത്താട്ടുകുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ ഇവിടെ നിന്നാണ് പുറപ്പെടുന്നത്. നഗരത്തിലെ വ്യാപാര കേന്ദ്രവും മാർക്കറ്റുകളും അടക്കം സ്ഥിതിചെയ്യുന്ന ഇവിടെ നിന്ന് നിരവധി യാത്രക്കാരാണ് ബസിനെ ആശ്രയിക്കുന്നത്.


