ഇഴച്ചിലിന് അറുതി; മൂവാറ്റുപുഴ റോഡ് വികസനം അവസാനഘട്ടത്തിലേക്ക്
text_fieldsമൂവാറ്റുപുഴ കച്ചേരിത്താഴത്ത് കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക്
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനും ദുരിതത്തിനും ഒടുവിൽ നഗര റോഡ് വികസനം അവസാന ഘട്ടത്തിലേക്ക്. ഇഴഞ്ഞുനീങ്ങിയ നിർമാണ പ്രവർത്തനങ്ങൾ ടാറിങ്ങിലേക്ക് എത്തിയതിന് പിന്നാലെ കച്ചേരിത്താഴത്ത് പാലത്തിന് സമീപം റോഡിൽ രൂപപ്പെട്ട വൻ ഗർത്തം നിർമാണ പ്രവർത്തനങ്ങളെ സ്തംഭനത്തിലാക്കിയിരുന്നു.
ഒടുവിൽ കേന്ദ്ര വിദഗ്ധ സംഘങ്ങളുടെ അടക്കം പരിശോധനകൾക്ക് ഒടുവിൽ കുഴി അടയ്ക്കാൻ തീരുമാനം എത്തുമ്പോഴേക്കും രണ്ടാഴ്ച വീണ്ടും റോഡ് നിർമാണം സ്തംഭിച്ചു.
ഇതൊക്കെ തീർന്ന് റോഡ് ടാറിങ്ങിലേക്ക് എത്തുകയാണ്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ വിഭാവനം ചെയ്ത റോഡ് വികസനം രണ്ടര വർഷമായിട്ടും കഴിഞ്ഞിട്ടില്ല.
കുരുക്കിെന്റ റെഡ് സിഗ്നൽ
നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് നാലുമാസമായി നഗരത്തിൽ ഉണ്ടായ ഗതാഗത കുരുക്കിൽ ഇവിടെ എത്തിയവരെല്ലാം വലഞ്ഞു. രണ്ടാഴ്ച മുമ്പ് കച്ചേരിത്താഴത്ത് ഗർത്തം രൂപപ്പെട്ട് പാലം കൂടി അടച്ചതോടെ സ്ഥിതി രൂക്ഷമായി. രണ്ടുകിലോമീറ്റർ നഗരറോഡ് കടക്കാൻ മൂന്ന് മണിക്കൂർ വരെ വാഹനങ്ങൾ കെട്ടിക്കിടന്നു.
ബസുകൾ പലതും ട്രിപ്പുകൾതന്നെ മുടക്കേണ്ടിവന്നു. ഓട്ടോ തൊഴിലാളികളെയും കുരുക്ക് വലച്ചു. പലരും കുരുക്ക് കടന്നു പോകാൻ ചാർജും വർധിപ്പിച്ചു. ഒടുവിൽ വാഹനങ്ങൾ മൂവാറ്റുപുഴ നഗരത്തിലേക്ക് എത്താത്ത സ്ഥിതിയും ഉണ്ടായി.
എത്രകാലമായി തുടങ്ങിയിട്ട്...?
2007ൽ നവീകരണം പൂർത്തിയായ അങ്കമാലി - ചെങ്ങന്നൂർ എം.സി റോഡിന്റെ ഭാഗമായ നഗരത്തിലെ വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ങ്ഷൻ വരെ രണ്ടുകിലോമീറ്റർ ദൂരത്തെ വികസന പ്രവർത്തനങ്ങൾക്ക് 2009 ജൂലൈയിലാണ് അനുമതി കിട്ടിയത് . 2013 നവംബറിൽ സ്ഥലമേറ്റെടുപ്പിന് ഗസറ്റ് വിജ്ഞാപനമിറങ്ങിയ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട പദ്ധതിയാണിത്.
2022 ഡിസംബർ 30ന് കോഴിക്കോടുള്ള കമ്പനി നിർമാണ കരാറൊപ്പിട്ടു. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കുന്നതായിരുന്നു കരാർ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടന്ന ചടങ്ങിൽ ഒരു വർഷം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പി.ഒ മുതൽ വെള്ളൂർക്കുന്നം കവല വരെ എം.സി റോഡിന്റെ 1.85 കിലോമീറ്റർ ദൂരം നാലുവരിപാതയായായാണ് നിർമിക്കുന്നത്. 51 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര ബി.എം.ബി.സി നിലവാരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. ആസൂത്രണപ്പിഴവും വിട്ടുവീഴ്ചകളും, സ്ഥലമേറ്റെടുപ്പിൽ വന്ന അപാകതകളും , രാഷ്ട്രീയ ചേരി തിരിവുമെല്ലാം പദ്ധതിയുടെ താളം തെറ്റിച്ചു.
ഇതിനിടെ പി.ഒ കവലമുതൽ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷൻ വരെ രണ്ട് കിലോമീറ്റർ ദൂരം എന്നുള്ളത് പി.ഒ ജങ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള 1.5 കിലോമീറ്ററാക്കി ചുരുക്കി. ദേശീയ പാതയുടെ കൂടി ഭാഗമായ വെള്ളൂർക്കുന്നം സിഗ്നൽ മുതൽ നെഹ്റു പാർക്ക് വരെ അരക്കിലോമീറ്റർ ദൂരം ദേശീയപാത അധികൃതർ നവീകരിക്കുമെന്ന പേരിലാണ് ചുരുക്കിയത്.
ഏറ്റെടുത്ത സ്ഥലം പൂർണമായി ഉപയോഗിച്ചില്ല
റോഡ്വികസനത്തിനായി ഒരേക്കർ 72 സെന്റാണ് നഗരത്തിൽ ഏറ്റെടുത്തത്. 132 പേരുടെ സ്ഥലം ഏറ്റെടുക്കാനുണ്ടായിരുന്നെങ്കിലും ഒടുവിലിത് 94 പേരിലേക്ക് ഒതുങ്ങി. സർക്കാർ ഖജനാവിൽനിന്ന് കോടികൾ നൽകി ഏറ്റെടുത്ത സ്ഥലങ്ങൾ പലതും പാർക്കിങ്ങിനും മറ്റുമായി ഉടമകൾ തന്നെ കൈയേറി. കച്ചേരിത്താഴം പാലം മുതൽ വെള്ളൂർക്കുന്നം സിഗ്നൽ വരെയുള്ള നിർമാണം പൂർണമായും വേണ്ടെന്നുവെച്ചതോടെ പലർക്കും ലക്ഷങ്ങൾ വെറുതെ കിട്ടിയ സ്ഥിതിയായി.
നിരാശയിൽനിന്ന് പ്രതീക്ഷയിലേക്ക് വ്യാപാരികൾ
അടച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ദുരിതത്തിലായ നഗരത്തിലെ വ്യാപാരികൾ ഓണ പ്രതീക്ഷയിലാണ്. നിർമാണ പ്രവർത്തനങ്ങൾക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വ്യാപാര മേഖലയായ പി.ഒ മുതൽ കച്ചേരിത്താഴംവരെ ഒന്നരക്കിലോമീറ്റർ ദൂരത്തിലുള്ള കച്ചവടക്കാർ ദുരിതത്തിലായിരുന്നു. വാടക കൊടുക്കാൻ പോലും കഴിയാതെ നിരവധി സ്ഥാപനങ്ങൾ അടച്ചുപോയി.
പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം പകുതിയാക്കി. പൊടിശല്യം രൂക്ഷമായതോടെ ഉൽപന്നങ്ങളും നശിച്ചു . ഇവിടെ മാത്രം അമ്പതോളം സ്ഥാപനങ്ങളാണ് പൂട്ടിയത്.