ഇതിനൊരവസാനമില്ലേ?; എന്നുതീരും മൂവാറ്റുപുഴ നഗര റോഡ് വികസനം
text_fieldsനഗരത്തിലെ പ്രധാന കേന്ദ്രമായ കച്ചേരിത്താഴം
മൂവാറ്റുപുഴ: പെരുന്നാൾ കച്ചവടമോ നഷ്ടമായി. ഇനി വിഷുവും കൂടി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നഗരത്തിലെ വ്യാപാരികൾ.
കഴിഞ്ഞ മൂന്നുവർഷമായി ഇതാണ് സ്ഥിതി. ആയിരങ്ങൾ വാടകയും, ശമ്പളവും, വൈദ്യുതി ചാർജും നൽകി തുറന്നുപ്രവർത്തിക്കുന്ന നഗരത്തിലെ വ്യാപാരികൾ ശരിക്കും പെട്ട അവസ്ഥയിലാണ്. നഗര റോഡ് വികസനത്തിന്റെ പേരിൽ വർഷങ്ങളായി ഇവർ പ്രയാസത്തിലാണ്.
നഗരവികസന പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്ന പട്ടണത്തിലെ ഗതാഗതം കൂടുതൽ ദുഷ്കരവും സങ്കീർണവുമായതോടെ സാധനങ്ങൾ വാങ്ങുന്നതിന് നഗരത്തിലേക്ക് ജനങ്ങൾ എത്തുന്നത് കുറഞ്ഞു. ആളുകൾ പെരുമ്പാവൂർ, കോതമംഗലം, തൊടുപുഴ തുടങ്ങിയ സമീപ പട്ടണങ്ങളിലേക്കാണ് പോകുന്നത്. പി.ഒ ജങ്ഷൻ മുതൽ കച്ചേരിത്താഴം വരെയാണ് വികസനം നടക്കുന്നത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് ഇവിടെയാണ്.
ഗതാഗതക്കുരുക്കിന് പുറമെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും പൊടി ശല്യവും. റോഡിൽ ചളി നിറഞ്ഞതും രാവിലെ മുതൽ ആരംഭിക്കുന്ന കുരുക്കും കച്ചവടത്തിന് തിരിച്ചടിയായതായി വ്യാപാരികൾ പറയുന്നു.
നിലവിൽ ടി.ബി റോഡും പൊളിച്ചതോടെ നഗര ഗതാഗതം വീണ്ടും സ്തംഭിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ വിൽപന നടത്തിയിരുന്ന പെരുന്നാളിന് ഇക്കുറി കച്ചവടത്തിൽ വലിയ മാന്ദ്യമാണ് സംഭവിച്ചത്. വരുന്ന വിഷു, ഈസ്റ്റർ കച്ചവടങ്ങളും നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു. സീസൺ കച്ചവടമെങ്കിലും നഷ്ടമാകാതെ അടിയന്തരമായി നഗരത്തിലെ ഗതാഗത സ്തംഭനത്തിന് നേരിയ പരിഹാരമെങ്കിലും ഉണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബന്ധപ്പെട്ടവരോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ചക്കുങ്ങൽ ആവശ്യപ്പെട്ടു. പി.ഒ ജങ്ഷൻ മുതൽ കച്ചേരിത്താഴം വരെയാണ് വികസനം നടക്കുന്നത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഗതാഗതക്കുരുക്കിന് പുറമെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതും പൊടി ശല്യവും.
വികസനം 2.0 ചൊവ്വാഴ്ച തുടങ്ങും
മൂവാറ്റുപുഴ : നഗര റോഡ് വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും. റോഡ് മണ്ണിട്ട് ഉയർത്തി ടാർ ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് വിഷു കഴിഞ്ഞ് അടുത്ത ദിവസം മുതൽ തുടക്കമാകുന്നത്. കച്ചേരിത്താഴം മുതൽ സയാന ബാർ വരെ ഭാഗത്താണ് റോഡ് നിർമാണം നടക്കുക.
റോഡ് മൂന്നടിയിലേറെ ഉയർത്തിയ ശേഷമാണ് ടാർ ചെയ്യുന്നത്. അതേസമയം ദിവസങ്ങളോളം നീളുന്ന നിർമാണ പ്രവർത്തനങ്ങൾ മൂലം നഗര ഗതാഗതവും വ്യാപാര മേഖലയും പ്രതിസന്ധിയിലാകാൻ സാധ്യതയേറെയാണ്. റോഡിന്റെ ഒരു ഭാഗം മാത്രമാണ് ആദ്യം പൊളിക്കുക. മറു ഭാഗത്തുകൂടി ഒറ്റ വരി ഗതാഗതം സാധ്യമാക്കാനാണ് ശ്രമം.
ഒരുമാസത്തോളം റോഡ് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കച്ചേരിത്താഴം മുതൽ പി.ഒ വരെ വ്യാപാരശാലകളുടെയും മറ്റും പ്രവർത്തനം തടസ്സപ്പെടാൻ ഇടയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് മുന്നോടിയായി നഗരത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ വ്യാഴാഴ്ച ഗതാഗത ഉപദേശക സമിതി യോഗം ചേരുന്നുണ്ട്. വ്യാപാരികൾ, ബസ് ഉടമകൾ, ടാക്സി, ഓട്ടോ പ്രതിനിധികൾ അടക്കമുള്ളവരുടെ യോഗവും ചേരുന്നുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ നഗരത്തിൽ ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടു പോകുന്നതിനുള്ള നിർദേശങ്ങൾ ശേഖരിച്ച് നടപ്പാക്കാനാണ് തീരുമാനം. റോഡ് പൊളിക്കുന്നതിന് മുന്നോടിയായി നഗരത്തിലെ മുഴുവൻ വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്യുന്ന ജോലികൾ 12ന് പൂർത്തിയാകും. നഗരത്തിലൂടെ വലിച്ചിരിക്കുന്ന സ്വകാര്യ കേബിളുകൾ എല്ലാം ഉടൻ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.
വൈദ്യുതി, ജലം എന്നിവയുടെ വിതരണം കോൺക്രീറ്റ് ചേംബറുകളിലൂടെ കടത്തിവിടുന്ന നിലയിലാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് കുഴിച്ച് മണ്ണിട്ട് നികത്തുന്ന ജോലികൾ നടക്കുമ്പോൾ സ്വാഭാവികമായും പൊടിപടലങ്ങൾ ഉയരാനും വ്യാപാര കേന്ദ്രങ്ങളിലേക്ക് പൊടിയെത്താനും സാധ്യത ഉണ്ട്. വ്യാപാരശാലകൾ പൂർണമായും അടച്ചിടേണ്ടിയും വരും.
കുരുക്കഴിയുമോ?
റോഡിന്റെ ഒരുഭാഗം മാത്രമാണ് ആദ്യം പൊളിക്കുക. മറു ഭാഗത്തുകൂടി ഒറ്റവരി ഗതാഗതം സാധ്യമാക്കാനാണ് ശ്രമം. റോഡ് കുഴിച്ച് മണ്ണിട്ട് നികത്തുന്ന ജോലികൾ നടക്കുമ്പോൾ സ്വാഭാവികമായും പൊടിപടലങ്ങൾ ഉയരാനും വ്യാപാര കേന്ദ്രങ്ങളിലേക്ക് പൊടിയെത്താനും സാധ്യതയേറെ.