പി.ടി.എ സംവിധാനത്തിന് വിത്തിട്ട മൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ
text_fieldsമൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ
മൂവാറ്റുപുഴ: പതിനായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന വിദ്യാലയ മുത്തശ്ശിയായ മൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ 110ന്റെ നിറവിലേക്ക്. മൂവാറ്റുപുഴ പട്ടണത്തിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് തിരുവിതാംകൂർ സർക്കാർ അനുവദിച്ച മൂവാറ്റുപുഴയിലെ രണ്ടാമത്തെ സ്കൂളാണിത്. നഗരമധ്യത്തിലെ നെഹ്റു പാർക്ക് ജങ്ഷനിൽ എം.സി റോഡിന്റെ ഓരത്ത് തലയുയർത്തി നിൽക്കുന്ന സ്കൂളിൽ ഒരു കാലത്ത് 2000ത്തിലേറെ വിദ്യാർഥികൾ വരെ പഠിച്ചിരുന്നു.
1915 മേയ് 20ന് നെഹ്റു പാർക്കിന് സമീപത്തെ 60 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഒന്നുമുതൽ നാല് വരെ ക്ലാസുകളാണ് അന്നുണ്ടായിരുന്നത്. ആദ്യ പ്രഥമാധ്യാപകൻ കളപ്പുരമഠം കൃഷ്ണയ്യരായിരുന്നു. ആദ്യമായി സ്കൂളിൽ ചേർന്ന വിദ്യാർഥി പി.വി. വറിയതും. അക്കാലത്ത് ക്ലാസ് തുടങ്ങും മുമ്പ് ഈശ്വര പ്രാർഥനയും ക്ലാസ് കഴിയുമ്പോൾ രാജാവിനെ സ്തുതിക്കുന്ന വഞ്ചീരമംഗളവും നിർബന്ധമായിരുന്നു. കുട്ടികളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമിച്ചു. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഭാഗമായി കുറെക്കാലം ബേസിക് സ്കൂളായി പ്രവർത്തിച്ച വിദ്യാലയത്തിന്റെ പേര് അന്ന് ടൗൺ ബേസിക് എൽ.പി സ്കൂൾ എന്നായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു.
1962ൽ അന്നത്തെ പ്രധാനാധ്യാപകൻ പി.എസ്. കരുണാകരൻ നായരുടെ ശ്രമഫലമായി 35 സെൻറ് ഭൂമി കൂടി പൊന്നും വിലയ്ക്ക് എടുപ്പിച്ച് സൗകര്യങ്ങൾ ഒരുക്കി 1963ൽ യു.പി സ്കൂളായി ഉയർത്തി. ഇതോടെ കുട്ടികളുടെ എണ്ണം വൻ തോതിൽ വർധിച്ചു. പുതിയ ഷെഡുകൾ നിർമിച്ചെങ്കിലും സ്ഥല പരിമിതി മൂലം ഷിഫ്റ്റും പിന്നീട് സെഷനൽ സമ്പ്രദായവും നടപ്പാക്കി. 1969ൽ 142 അടി നീളത്തിൽ ഇരു നില മന്ദിരം ഉയർന്നതോടെ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. 80കൾ വരെ 2000 ത്തിൽ അധികം കുട്ടികൾവരെ ഇവിടെ പഠിച്ചിരുന്നു. അച്ചടക്കവും പഠന മികവും സ്കൂളിനെ പ്രശസ്തിയിലേക്ക് ഉയർത്തി.
ഉച്ചഭക്ഷണം വിളമ്പിയിരുന്നു
സ്കൂളുകളിൽ ഉപ്പുമാവ് നൽകാൻ തുടങ്ങുന്നതിന് മുമ്പെ ഇവിടെ നിർധന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നുവെന്നതും ചരിത്രം. ഉദാരമതികളായ നാട്ടുകാരുടെ സഹകരണത്തോടെ കിണർ, വാട്ടർ ടാങ്ക്, ടാപ്പുകൾ, കൊടിമരം, ഉദ്യാനം തുടങ്ങിയവ നടപ്പാക്കി. ഇതിന് നേതൃത്വം നൽകിയ അധ്യാപക- രക്ഷാകർത്തൃ സംഘടനയുടെ പ്രവർത്തനം സംസ്ഥാനത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. പി.ടി.എ സമ്പ്രദായം സ്കൂളുകളിൽ നിർബന്ധിതമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് തന്നെ മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിന് രക്ഷിതാക്കളും പൊതുജനങ്ങളും നൽകിയ സംഭാവനകളും സഹകരണങ്ങളുമാണ്. അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമാശങ്കർ സ്കൂൾ സന്ദർശിച്ച് വിവരങ്ങൾ പഠിച്ചാണ് എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ സമിതികൾ നിർബന്ധമാക്കി ഉത്തരവിറക്കിയത്.
ക്ലാസ് കഴിഞ്ഞ് കുട്ടികൾ വരിവരിയായി വീടുകളിലേക്ക് പോകുന്ന ഒറ്റവരി സമ്പ്രദായം നടപ്പാക്കിയ ഖ്യാതിയും സ്കൂളിനുണ്ട്. ഇത് സംബന്ധിച്ച് 70കളിൽ പ്രമുഖ പത്രങ്ങൾ മുഖപ്രസംഗം എഴുതിയിരുന്നു. സ്കൂളിന്റെ പ്രതാപം വീണ്ടെടുക്കാൻ മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഏറെ നടക്കുന്നുണ്ട്. 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ തുറന്നു കെടുത്ത ഇരുനില സ്കൂൾ മന്ദിരം അഞ്ചര പതിറ്റാണ്ടിനു ശേഷം നഗരസഭ 30 ലക്ഷം ചെലവിൽ നവീകരിചചു. പഴയ കെട്ടിടങ്ങൾ എല്ലാം ഇന്നും നിലനിർത്തിയിട്ടുണ്ട്.
108 വിദ്യാർഥികൾ പഠിക്കുന്നു
ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 108 വിദ്യാർഥികളാണ് പഠിക്കുന്നത്. 31 അന്തർ സംസ്ഥാനക്കാരായ വിദ്യാർഥികളും 13 ഭിന്ന ശേഷി കുട്ടികളും ഉൾപ്പെടും. ഇതിൽ മൂന്ന് പേർ സ്കൂളിൽ എത്താൻ കഴിയാത്തവരാണ്. അധ്യാപകർ ആഴ്ചയിൽ രണ്ടു ദിവസം ഇവരുടെ വീടുകളിൽഎത്തി ക്ലാസ് എടുക്കും. സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് മൂവാറ്റുപുഴ നഗരസഭയെന്ന് പൂർവവിദ്യാർഥിയും വാർഡ് കൗൺസിലറുമായ കെ.എം. അബ്ദുൽ സലാം പറഞ്ഞു. കൂടുതൽ കുട്ടികളെ ആകർഷിക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


