ഇനിയില്ല, വിളക്കത്ത് മജീദിന്റെ ഹൈടെക് പ്രചാരണം...
text_fieldsപ്രചാരണ വാഹനമൊരുക്കുന്ന തിരക്കിൽ മജീദും സംഘവും (ഫയൽ ചിത്രം)
മൂവാറ്റുപുഴ: പതിറ്റാണ്ടുകൾ സംസ്ഥാനത്ത് അങ്ങോളമിേങ്ങാളം സ്ഥാനാർഥികൾ അടക്കമുള്ളവർക്ക് ഹൈടെക് സ്റ്റേജ് വാഹനങ്ങളും പ്രചാരണ വാഹനങ്ങളും ഒരുക്കി നൽകി ശ്രദ്ധേയനായ വിളക്കത്ത് മജീദ് ഓർമയായി. രണ്ടുവർഷമായി വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞുവന്ന മജീദ് വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്.
1987 മുതൽ പിതാവിന്റെ മൈക്ക് സെറ്റ് കമ്പനി ഏറ്റെടുത്ത് രംഗത്തുവന്ന മജീദ് മൈക്ക് സെറ്റ് വാടകക്ക് കൊടുക്കുന്നതിന് പുറമെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾ ഒരുക്കി നൽകുന്നതിനും തുടക്കം കുറിക്കുകയായിരുന്നു. വയനാട് മത്സരിക്കാൻ എത്തിയ രാഹുൽ ഗാന്ധിയുടെ പ്രചാരണാർഥം സഞ്ചരിക്കാൻ സ്റ്റേജ്, വാഹനങ്ങൾ എല്ലാം ഒരുക്കി നൽകിയത് മജീദായിരുന്നു. കോൺഗ്രസുകാരനായിരുന്നെങ്കിലും ആവശ്യക്കാർക്കൊക്കെ വാഹനങ്ങൾ നൽകിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴോളം വാഹനങ്ങളാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടത്. അനൗൺസ്മെന്റ് ജീപ്പ്, സ്ഥാനാർഥിക്ക് സഞ്ചരിക്കാനുള്ള ഓപ്പൺ ജീപ്പ്, സ്റ്റേജുള്ള രണ്ട് ജീപ്പുകൾ, പ്രസംഗിക്കാൻ വേണ്ടി വലിയ സെറ്റുകൾ സ്ഥാപിച്ച ലോറി എന്നിവയാണ് വേണ്ടത്. മൈക്ക് സെറ്റുകൾ, അനൗൺസർ, ലൈറ്റുകൾ, ജനറേറ്ററുകൾ ഉൾപ്പടെ ഇതിലുണ്ടാകും.
ശബ്ദ പ്രകാശ വിന്യാസങ്ങളോടെ സ്ഥാനാർഥിക്ക് ഇരിക്കാനും നിൽക്കാനും അണികളെ അഭിസംബോധന ചെയ്യാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങളോടെ പ്രചാരണ വാഹനങ്ങളൊരുക്കുന്നതിന് പുറമെ സംസ്ഥാന തലത്തിൽ വിവിധ പാർട്ടികൾ നടത്തുന്ന യാത്രകൾക്കും വാഹനങ്ങൾ ഒരുക്കിനൽകിയിരുന്നു. മൂവാറ്റുപുഴ നഗരത്തിലെ ആദ്യത്തെ മൈക്ക് സെറ്റ് കമ്പനിയായിരുന്ന ബ്രദേഴ്സ് സൗണ്ട് ഉടമ കാവുങ്കര വിളക്കത്ത് മക്കാറിന്റെ മകനായ മജീദ് പിതാവിന്റെ പാത പിന്തുടർന്നാണ് രംഗത്ത് സജീവമായത്.