കുട്ടികളുടെ പാർക്കിൽ തിരക്കേറി; കളിഉപകരണങ്ങൾ കട്ടപ്പുറത്ത്
text_fieldsകുട്ടികളുടെ പാർക്കിലെ തകർന്ന കളിയുപകരണങ്ങൾ
മൂവാറ്റുപുഴ: മധ്യവേനൽ അവധിയിൽ കുട്ടികളെ നിരാശരാക്കി പാർക്കിലെ അവസ്ഥ. നാല് പതിറ്റാണ്ട് മുമ്പ് നഗര മധ്യത്തിലെ പുഴയോരത്ത് നിർമിച്ച കുട്ടികളുടെ പാർക്ക് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുകയാണ്. പാർക്കിലെ കളി ഉപകരണങ്ങൾ പലതും ഉപയോഗശൂന്യമായിട്ട് നാളുകളായി. അവധിക്ക് മുമ്പ് പാർക്ക് നവീകരിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായങ്കിലും ഒന്നും നടന്നില്ല. നിരവധി കുട്ടികളാണ് പാർക്കിലെത്തുന്നത്.
2022 ൽ പാർക്കിൽ താമരക്കുളം, ഏറുമാടം അടക്കം ഒരുക്കി മനോഹരമാക്കിയ പാർക്കിൽ ഇപ്പോൾ ഇതെല്ലാം തകർന്ന നിലയിലാണ്. കുട്ടികള്‍ക്ക് സൈക്കിള്‍ സവാരി ചെയ്യാനായി സൈക്കിളുകളും ഒരുക്കിയിരുന്നു. ഇതും നിലവിലില്ല. നേരത്തെ എം.സി റോഡിൽ നിന്ന് പാർക്കിലേക്ക് നേരിട്ടുണ്ടായിരുന്ന പ്രവേശന കവാടവും അടച്ചുപൂട്ടി.
മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അടിയന്തരമായി പാർക്ക് നവീകരിക്കണമെന്നും പാർക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.