ഉദ്യോഗസ്ഥർ കൂട്ട അവധിയിൽ; വകുപ്പു മന്ത്രിയെ കാണാനൊരുങ്ങി നഗരസഭ
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ ഉന്നത ഉദ്യോഗസ്ഥർ കൂട്ട അവധിയിലേക്ക് നീങ്ങിയതോടെ കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ എത്തിക്കാൻ നീക്കവുമായി നഗരസഭ ഭരണപക്ഷം. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തിരുവനന്തപുരത്ത് വകുപ്പു മന്ത്രിയെ കാണാൻ ഒരുങ്ങുകയാണ് ഭരണ നേതൃത്വം. പുതിയ കൗൺസിൽ എത്തിയ ശേഷം നഗരസഭ സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ദീർഘകാല അവധിയിൽ പ്രവേശിച്ചത് നഗരസഭ ഭരണത്തിനു തിരിച്ചടിയായിരുന്നു.
നഗരസഭ സെക്രട്ടറി, സൂപ്രണ്ട്, റവന്യൂ ഓഫിസർ എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരാണ് അവധിയിൽ പ്രവേശിച്ചത്. ഏകപക്ഷീയ നടപടികളിലും ഭരണപരമായ വീഴ്ചകളിലും പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിക്കെതിരെ പ്രമേയത്തിനു നോട്ടീസ് നൽകിയതിനു പിന്നാലെയാണ് സെക്രട്ടറി അവധി എടുത്തത്. സെക്രട്ടറിയെ അടിയന്തരമായി സ്ഥലം മാറ്റണമെന്നും പുതിയ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം.
ഇതിനു പിന്നാലെ സെക്രട്ടറിയെ ഭരണകക്ഷി കൗൺസിലർമാർ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് നഗരസഭ ഉദ്യോഗസ്ഥർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭരണസമിതിയും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് ഉദ്യോഗസ്ഥർ ഒന്നിനു പിന്നാലെ ഓന്നായി അവധി എടുക്കാൻ ആരംഭിച്ചത്. ഇതോടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടക്കം താളം തെറ്റിയിരുന്നു. ഭൂരിപക്ഷം വാർഡുകളിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.


