റോഡ് വികസനം; പൊടിയിൽ വലഞ്ഞ് നാട്ടുകാർ
text_fieldsമൂവാറ്റുപുഴ: നഗരറോഡ് വികസനം നടക്കുന്ന പട്ടണത്തിൽ പൊടിയിൽ വലഞ്ഞ് വ്യാപാരികളും യാത്രക്കാരും. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങൾ നനച്ചാൽ പ്രശ്നം അവസാനിക്കുമെങ്കിലും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. നഗരറോഡ് വികസനത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്ന ജോലിയാണ് നടക്കുന്നത്.
പി.ഒ ജങ്ഷനിൽനിന്ന് ആരംഭിച്ച കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിച്ചിരിക്കുന്ന ജോലി കച്ചേരിത്താഴത്ത് എത്തി. റോഡിനിരുവശവും വെള്ളം ഒഴുക്കുന്നതിനും കുടിവെള്ള പൈപ്പുകളും ടെലിഫോൺ, ഇലക്ട്രിക് കേബിളുകൾ തുടങ്ങിയവ കൊണ്ടുപോകുന്നതിനുമുള്ള ചേംബറുകൾ സ്ഥാപിക്കുന്ന ജോലി അവസാനഘട്ടത്തിലാണ്.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾമൂലം അരമന കവല മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങൾ പൊടിപടലത്തിലാണ്. ഇതിനെതിരെ പ്രദേശവാസികളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നനച്ച് പൊടിപടലങ്ങൾ ഒഴിവാക്കാൻ കരാറുകാരൻ തയാറായിട്ടില്ല. പൊടിപടലം മൂലം പല സ്ഥാപനങ്ങളിലും കയറാൻപോലും കഴിയുന്നില്ല. കച്ചവട സാധനങ്ങൾ മുഴുവൻ പൊടിപിടിച്ച നിലയിലാണ്.