പെരുമറ്റം പാലം നവീകരണം ആരംഭിച്ചു; രണ്ടുവരി ഗതാഗതം സുഗമമാകും
text_fieldsപെരുമറ്റം പാലത്തിന്റെ നവീകരണം ആരംഭിച്ചപ്പോൾ
മൂവാറ്റുപുഴ: റോഡ് വികസനം നടക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പ്രധാന പാലങ്ങളിൽ ഒന്നായ മൂവാറ്റുപുഴ പെരുമറ്റം പാലത്തിന്റെ വീതി കൂട്ടുന്ന ജോലികൾക്ക് തുടക്കമായി. ചെറുവട്ടൂർ ഭാഗത്തുനിന്ന് ഒഴുകി കോതമംഗലം പുഴയിലേക്ക് പതിക്കുന്ന മുളവൂർ തോടിന്റെ ഭാഗമായ കടവുംപാട് തോടിന്റെ കുറുകെയുള്ള പെരുമറ്റം പാലം നിലവിൽ ദേശീയപാതയുടെ ഭാഗമാണെങ്കിലും ഏറ്റവും വീതി കുറഞ്ഞ പാലങ്ങളിൽ ഒന്നാണ്. ഒറ്റവരി ഗതാഗതം മാത്രമാണ് 16 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും ഉള്ള പാലത്തിലൂടെ സാധ്യമാകുകയുള്ളൂ.
ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാലാണ് പാലത്തിന്റെ വീതിയും വർധിപ്പിക്കുന്നത്. പാലത്തിന്റെ വീതി നാല് മീറ്റർ കൂടിയാണ് വർധിപ്പിക്കുക. പതിറ്റാണ്ടുകൾക്ക് നിർമിച്ച പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് നവീകരിച്ചെങ്കിലും വീതി കൂട്ടിയിരുന്നില്ല. തൂണുകൾക്ക് ബലക്ഷയം സംഭവിച്ചതിനെ തുടർന്നായിരുന്നു നവീകരണം നടത്തിയത്. മുളവൂർ തോടിന്റെ ഭാഗമായ കടവുംപാട് തോടിനു കുറുകെ മൂന്ന് സ്പാനുകളിലാണ് പാലം നിർമിച്ചിരിക്കുന്നത്.
പാലത്തിന്റെ അടിയിൽ തോട്ടിലെ പാറക്കൂട്ടങ്ങളിൽ തട്ടിയാണ് തോട് ഒഴുകുന്നത്. മുളവൂർ തോട്ടിൽ ശക്തമായ ഒഴുക്കുണ്ടാകുമ്പോൾ ഇവിടെ വെള്ളത്തിന്റെ കുത്തൊഴുക്ക് വെള്ളച്ചാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് ഒഴുകുന്നത്. ഇതെല്ലാം നിലനിർത്തിയാണ് വീതി കൂട്ടുക എന്ന് നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലം വീതി കൂട്ടുന്നതോടെ രണ്ടുവരി ഗതാഗതം സുഗമമാകും.


