റോഡ് വികസനം; മൂവാറ്റുപുഴയിൽ ഗതാഗത നിയന്ത്രണം വരുന്നു
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര റോഡ് വികസനത്തിന്റെ രണ്ടാംഘട്ടം ചൊവ്വാഴ്ച ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നിർമാണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കുന്നതിനാണ് നിയന്ത്രണം. ഇതിനായി നഗരത്തിലെ ഉപറോഡുകൾ അടക്കം നാല് പ്രധാന റോഡുകളിൽ വൺവേ സമ്പ്രദായം കർശനമാക്കും. നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ഉപദേശക യോഗത്തിലാണ് തീരുമാനം.
വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെ ഒരു ദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം ഉണ്ടാകൂ. ഇ.ഇ.സി മാർക്കറ്റ് റോഡ്, കാവുംപടി റോഡ്, റോട്ടറി റോഡുകളിൽ വൺവേ സമ്പ്രദായം നടപ്പാക്കും. ഏപ്രിൽ 15ന് രാവിലെ ഏഴുമുതൽ നിയന്ത്രണം നിലവിൽ വരും. റോഡ് നിർമാണം പൂർത്തിയാകും വരെയാണ് ഗതാഗത ക്രമീകരണം നടപ്പാക്കുക. സുഗമമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന് 20 ഹോം ഗാർഡുകളുടെ സേവനം ലഭ്യമാക്കും.
ട്രാഫിക് പൊലീസും രംഗത്തുണ്ടാവും. ഗതാഗതക്രമീകരണം സൂചിപ്പിക്കുന്ന ബോർഡുകൾ 16 ഇടങ്ങളിൽ സ്ഥാപിക്കും. ഇവിടങ്ങളിൽ ട്രാഫിക് വാർഡൻമാരുടെ സേവനവും ഉറപ്പ് വരുത്തും. ബസുകൾ അടക്കം മുഴുവൻ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നഗരത്തിലെ റോഡരികിലെ ഉന്തുവണ്ടികൾ അടക്കം പെട്ടിക്കടകളും ഫുട്പാത്ത് കച്ചവടവും റോഡ് നിർമാണം പൂർത്തിയാകുന്നതുവരെ ഒഴിവാക്കും. മുൻകൂർ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തെയും പൊതുമരാമത്ത്, പൊലീസ് വകുപ്പുകളെയും ചുമതലപ്പെടുത്തി.
തടിലോറികൾ രാത്രി എട്ടുവരെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ദീർഘദൂര വാഹനങ്ങളും ചരക്ക് ലോറികളും ടോറസും കെണ്ടയ്നർ വാഹനങ്ങളും നഗരത്തിൽ പ്രവേശിക്കാതെ വഴിതിരിച്ച് വിടുന്നതാണ് മുഖ്യ ക്രമീകരണം. കീച്ചേരിപ്പടിയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡ് പ്രധാന റോഡിൽ നിന്ന് ആസാദ് റോഡിലേക്ക് മാറ്റും. കീച്ചേരിപ്പടിയിൽ പാർക്കിങ് അനുവദിക്കില്ല.
യോഗത്തിൽ നഗരസഭ വൈസ് ചെയർേപഴ്സൻ സിനി ബിജു, ഉപസമിതി അധ്യക്ഷന്മാരായ പി.എം. അബ്ദുൽ സലാം, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, ട്രാഫിക് എസ്.ഐ കെ.പി. സിദ്ദീഖ്, കെ.ആർ.എഫ്.ബി അസി. എൻജിനീയർ എ.എസ്. ജിനുമോൾ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജൂലിൻ ജോസ്, കരാർ കമ്പനി പ്രതിനിധി മുഹമ്മദ് ഉനൈസ്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ, ബി.ജെ.പി മുനിസിപ്പൽ സമിതി പ്രസിഡന്റ് കെ.എ. അജി, ബസ് ഓണേഴ്സ് സംഘടന ഭാരവാഹികളായ എം.പി. അനിൽ കുമാർ, കെ.എസ്. സന്തോഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, കേരള കോൺഗ്രസ് ഭാരവാഹി സോജൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗത ക്രമീകരണം ഇങ്ങനെ
കൂത്താട്ടുകുളം ഭാഗത്തുനിന്ന് എറണാകുളം, പെരുമ്പാവൂർ, ആലുവ, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും എം.സി റോഡിൽ ഈസ്റ്റ് മാറാടിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കായനാട്, ഊരമന വഴി പെരുവംമൂഴിയിൽ എത്തി ദേശീയപാതയിലൂടെ സഞ്ചരിക്കണം.
തൊടുപുഴ ഭാഗത്തുനിന്ന് എറണാകുളം, തൃശൂർ, കോതമംഗലം, ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നിർമല ഹൈസ്കൂൾ ജങ്ഷനിൽനിന്ന് തിരിഞ്ഞ് ആരക്കുഴ നാസ് റോഡ് വഴി എം.സി റോഡിൽ പ്രവേശിച്ച് പി.ഒ ജങ്ഷൻ, കച്ചേരിത്താഴം വഴി പോകണം.
കോതമംഗലം, കാളിയാർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ബിസ്മി ജങ്ഷനിൽ ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര ജങ്ഷനിൽ എത്തി വലിയ വാഹനങ്ങൾ കോട്ട റോഡ് വഴിയും സ്വകാര്യ ബസുകൾ ഈസ്റ്റ് ഹൈസ്കൂൾ ജങ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് അടൂപറമ്പിലും എത്തണം. എറണാകുളം ഭാഗത്തുനിന്ന് തൊടുപുഴ, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ പെരുവംമൂഴിയിൽനിന്ന് തിരിഞ്ഞ് ഊരമന, കായനാട് വഴി എം.സി റോഡിൽ മാറാടിയിൽ എത്തി യാത്ര തുടരണം.
പെരുമ്പാവൂർ ഭാഗത്തുനിന്ന് കോതമംഗലം, കാളിയാർ, തൊടുപുഴ, ആരക്കുഴ, കൂത്താട്ടുകുളം ഭാഗങ്ങളിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ എം.സി റോഡ് വാഴപ്പിള്ളി ലിസ്യൂ റോഡ് വഴി ഇ.ഇ.സി മാർക്കറ്റ് റോഡിൽ എത്തി യാത്ര തുടരണം. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ വെള്ളൂർക്കുന്നത്തുനിന്ന് ഇ.ഇ.സി മാർക്കറ്റ് റോഡ് വഴി തിരിഞ്ഞുപോകണം.
വൺവേ ജങ്ഷനിൽനിന്ന് കീച്ചേരിപ്പടി ഭാഗത്തേക്ക് ഒരു വാഹനത്തിനും പ്രവേശനം ഉണ്ടാവില്ല. ഓട്ടോകൾ അടക്കമുള്ള ചെറുവാഹനങ്ങൾ റോട്ടറി റോഡ് വഴി നെഹ്റു പാർക്കിൽ എത്തണം. കാവുംപടി റോഡിലേക്ക് പി.ഒ ജങ്ഷൻ, പേട്ട ഭാഗങ്ങളിൽനിന്ന് പ്രവേശനം അനുവദിക്കില്ല. എവറസ്റ്റ് ജങ്ഷനിൽനിന്ന് ഒരുവിധ വാഹനങ്ങളും മാർക്കറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകാൻ അനുവദിക്കില്ല. കീച്ചേരിപ്പടി ഭാഗത്തുനിന്ന് ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.