ശബരിപാത; മൂവാറ്റുപുഴയിൽ വീണ്ടും റെയില്‍വേ നിര്‍മാണ വിഭാഗം ഓഫിസ് തുറക്കും
text_fieldsമൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെ, മൂവാറ്റുപുഴയിൽ അടച്ചുപൂട്ടിയ ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ഓഫിസ് വീണ്ടും തുറക്കും. നിർമാണ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ ചർച്ചയിലാണ് എല്ലാ ജില്ലകളിലെയും നിർത്തലാക്കിയ ലാൻഡ് അക്വിസിഷൻ ഓഫിസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്.
1999ല്‍ അങ്കമാലി-ശബരിപാതക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നിർമാണ വിഭാഗം ഓഫിസ് മൂവാറ്റുപുഴയില്‍ തുറന്നത്. നഗരസഭയുടെ കീഴിൽ വെള്ളൂർക്കുന്നത്തെ ലൈബ്രറി മന്ദിരത്തിലായിരുന്നു ഓഫിസിന്റെ പ്രവർത്തനം. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, രണ്ട് വീതം സെക്ഷൻ എന്‍ജിനീയർ, ജൂനിയർ എൻജിനീയർ, മൂന്ന് വീതം ക്ലർക്ക്, അസിസ്റ്റന്റ് തസ്തികകളാണ് ഉണ്ടായിരുന്നത്. ഈ ഓഫിസില്‍നിന്നാണ് ശബരിപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മറ്റു ജോലികളും ചെയ്തിരുന്നത്.
പിന്നീട് ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറ്റി ഒടുവിൽ ഓഫിസ് പൂർണമായി അടച്ചുപൂട്ടി. നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ഏകോപിപ്പിക്കാന്‍ നിയമിതനായ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വിരമിച്ചപ്പോൾ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതുമില്ല. മൂവാറ്റുപുഴയിലെ റെയിൽവേ ഓഫിസ് പുനരാരംഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ ജോലികൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് പാതക്ക് വേണ്ടി കല്ലിട്ട് തിരിച്ച ഭൂമിയുടെ ഉടമകൾ.