സൗണ്ട് സിസ്റ്റം കിട്ടാനില്ല; തമിഴ്നാട്ടിൽ നിന്നടക്കം എത്തിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മൈക്ക് സെറ്റുകളും മറ്റും കിട്ടാതെ സ്ഥാനാർഥികൾ. പ്രചാരണത്തിന്‍റെ അവസാന ലാപിലാണ് പ്രചാരണത്തിന് ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ഏറെയും ആവശ്യമായി വരുന്നത്. ഒരു വാർഡിൽ കുറഞ്ഞത് രണ്ട് സ്ഥാനാർഥികൾ ഉണ്ടാകും. സ്വതന്ത്രന്മാർ ഉണ്ടെങ്കിൽ അതും കൂടി കൂട്ടിയാണ് സെറ്റുകൾ ആവശ്യമായി വരുന്നത്. ഈ സാഹചര്യത്തിൽ കിട്ടാൻ ബുദ്ധിമുട്ടായി. ഒടുവിൽ തമിഴ് നാട്ടിൽ നിന്നടക്കം സൗണ്ട് സിസ്റ്റം എത്തിച്ചാണ് സ്ഥാനാർഥികൾക്ക് നൽകിയത്.
പ്രചാരണ പരിപാടിയുടെ അവസാന നാലു ദിവസമാണ് സാധാരണ വാർഡുകളിൽ പ്രചാരണത്തിന് സെറ്റ് ആവശ്യമായി വരുന്നത്. എന്നാൽ ജില്ല പഞ്ചായത്തു ഡിവിഷനുകളിൽ മത്സരിക്കുന്നവർക്ക് ഒരാഴ്ച എങ്കിലും ഇത് ആവശ്യമാണ്. വാദ്യമേള കലാകാരന്മാരെ കിട്ടാത്തതും പ്രചാരണത്തിന്‍റെ കൊഴുപ്പ് കുറച്ചു. ഉത്സവ സീസണും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം എത്തിയതോടെ ചെണ്ട, നാസിക് ഡോൾ തുടങ്ങിയ മേളക്കാർക്ക് വൻ ഡിമാൻഡാണ്. പ്രചാരണത്തിനു കൊഴുപ്പേകാൻ വാദ്യമേളങ്ങൾ അനിവാര്യമായതിനാൽ സ്ഥാനാർഥികളും സഹായികളും ഇവരെ തേടി നെട്ടോട്ടമോടുകയാണ്.
തെരഞ്ഞെടുപ്പ് പര്യടനങ്ങൾക്കും റോഡ് ഷോകൾക്കും ആവേശം പകരാൻ വാദ്യമേളങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, നിലവിൽ സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളും നടക്കുന്നതിനാൽ വാദ്യകലാകാരന്മാർ തിരക്കിലാണ്. ഉത്സവങ്ങളിലേക്കും മറ്റും വാദ്യ കലാകാരന്മാരെല്ലാം ബുക്ക് ചെയ്യപ്പെട്ടതോടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാദ്യകലാകാരന്മാരെ കിട്ടാത്ത അവസ്ഥയായി. ഇതോടെ, പ്രചാരണം കൊഴുപ്പിക്കാൻ വലിയ തുക മുടക്കേണ്ട സ്ഥിതിയാണ്.


