നാടിന് വിജ്ഞാനം പകർന്ന് വിജയ ലൈബ്രറി
text_fieldsകാലാമ്പൂർ സിദ്ധൻ പടിയിലെ ജനകീയ വായനശാലയായ വിജയ ലൈബ്രറി
മൂവാറ്റുപുഴ: ഗ്രന്ഥശാലദിനത്തിൽ വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ച് കാലാമ്പൂർ വിജയ ലൈബ്രറി. ആയവന ഗ്രാമപഞ്ചായത്തിലെ അവികസിത മേഖലയായ കാലാമ്പൂർ പ്രദേശത്ത് അക്ഷരങ്ങളെ സ്നേഹിച്ചവരുടെ കൂട്ടായ്മയിൽ നിന്ന് 1967ൽ പിറവിയെടുത്ത വായനശാലയാണ് വിജയ ലൈബ്രറി. രണ്ട് നിലകളിലായി കാളിയാർ-മൂവാറ്റുപുഴ റോഡിൽ തലയുയർത്തിനിൽക്കുന്ന ഈ ഗ്രന്ഥാലയം എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന പൊതുഇടമായി മാറിയിരിക്കുന്നു.
‘വായന വസന്തം വീട്ടിലേക്കൊരു പുസ്തകം’ പദ്ധതി ലൈബ്രറേറിയനായ ബിനു വർഗീസ് അക്ഷരസേനാ പ്രവർത്തകരുടെ സഹായത്തോടുകൂടി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകി വായനയെ പ്രോത്സാഹിപ്പിക്കുന്നു. ഒരുമാസം 120 വീടുകളിൽ പുസ്തകം എത്തിച്ചുനൽകുകവഴി ഈ കുടുംബങ്ങളെ ലൈബ്രറിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. വനിതാവേദി, ബാലവേദി, യുവജന വേദി, വയോജനവേദി എന്നിവ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതിനാൽ ഗ്രാമീണരെ മുഴുവൻ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുവാൻ കഴിയുന്നു.
മുന്നൂറുപേരടങ്ങുന്ന വയോജനവേദി താലൂക്കിലെ തന്നെ വയോജനങ്ങൾ ഒത്തുചേരുന്ന മികച്ച വയോജന കൂട്ടായ്മയാണ്. വനിത വേദി പ്രവർത്തകയായ മിനി സത്യന്റെ നേതൃത്വത്തിലുള്ള വനിതകളുടെ കൂട്ടായ്മയിൽ സ്ത്രീശാക്തീകരണ പ്രവർത്തനം നടത്തിവരുന്നു. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ആവശ്യമായ പരിശീലനവും നൽകിവരുന്നു. യുവജനങ്ങൾക്ക് സർക്കാർ ജോലി ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി പി.എസ്.സി കോച്ചിങ് നടത്തുന്നതിനും ലൈബ്രറി സൗകര്യം ഒരുക്കിയിട്ടുണ്ട്. വായന മത്സരം നടത്തി കാഷ് അവാർഡ് നൽകുന്നതും വായനയെ കൂടുതൽ പേരിലേക്ക് വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഗ്രന്ഥശാലദിനത്തിൽ ലൈബ്രറി പ്രവർത്തനപരിധിയിലെ മുഴുവൻ വയോജനങ്ങളേയും കമ്പ്യൂട്ടർ സാക്ഷരരാക്കുന്ന പദ്ധതി നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
13500 പുസ്തകങ്ങളുടേയും ഏല്ലാ പ്രധാനപ്പെട്ട ആനുകാലികങ്ങളുടേയും ശേഖരമുള്ള എ ഗ്രേഡ് ലൈബ്രറിയായ വിജയ പുസ്തകവായനക്ക് പ്രഥമ പരിഗണനകൊടുത്താണ് മുന്നോട്ടുപോകുന്നത്. കൃഷിക്കാരനായ ഇ.എസ്. അഷറഫ് പ്രസിഡന്റും പൊലീസ് ഉദ്യോഗസ്ഥനായ എം.വി. ബിജു സെക്രട്ടറിയായ ഭരണസമിതിയാണ് പ്രവർത്തനം നിയന്ത്രിക്കുന്നത്.


