മോഷ്ടിച്ച കാറിൽ പെൺസുഹൃത്തുമായി കറക്കം; പ്രതി പിടിയിൽ
text_fieldsഅൽസാബിത്ത്
മൂവാറ്റുപുഴ: കാർ മോഷ്ടിച്ച ശേഷം നമ്പർ മാറ്റി പെൺ സുഹൃത്തുമായി കറങ്ങി നടക്കുകയായിരുന്ന യുവാവിനെ തിരുവനന്തപുരത്ത് നിന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടി. മൂവാറ്റുപുഴ പായിപ്ര പൈനാപ്പിൾ സിറ്റി ഭാഗത്ത് പേണ്ടാണത്ത് വീട്ടിൽ അൽ സാബിത്തിനെയാണ് (20) ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പേഴയ്ക്കാപ്പിള്ളി കരുട്ടുകാവ് ഭാഗത്തെ വീട്ടിൽ നിന്ന് കഴിഞ്ഞ നാലാം തീയതി വെളുപ്പിന് ഇയാൾ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്ത സ്വിഫ്റ്റ്കാർ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് വാഹനം അന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺസുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര. പ്രതി വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.
ആർഭാട ജീവിതത്തിനായിട്ടാണ് മോഷണം നടത്തിയത് എന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഡി.വൈ.എസ്.പി പി.എം. ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.ബി. സത്യൻ, പി.സി. ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു സീനിയർ സി.പി.ഒ. മാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, സി.പി.ഒ ശ്രീജു ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.