ഉയരംകൂടിയ ഡിസൈനർ ഓണത്തപ്പനാണ് താരം
text_fieldsതൃപ്പൂണിത്തുറയിൽ വിൽപനക്കെത്തിച്ച ഉയരംകൂടിയ ഡിസൈനർ ഓണത്തപ്പൻ
തൃപ്പൂണിത്തുറ: തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ചിത്രപ്പണികൾ ചെയ്ത ഉയരക്കാരൻ ഓണത്തപ്പനാണ് ഓണ വിപണിയിലെ താരമായി മാറുന്നത്. മനോഹരമായ വർണ്ണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഓണത്തപ്പൻ തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജങ്ഷനിലെ വിപണിയിൽ മിന്നും താരമാണ്.
നാലരയടിയിലേറെ ഉയരത്തിൽ കഥകളിയും നെറ്റിപ്പട്ടവും ആലേഖനം ചെയ്താണ് ഡിസൈനർ ഓണത്തപ്പനെ വിപണിയിലെത്തിച്ചത് മൂവാറ്റുപുഴ വാളകം കുണ്ടുവേലിൽ രാജപ്പനാണ്. 1000 രൂപയാണ് അഴകൊത്ത ഓണത്തപ്പന്റെ വില. കൂടാതെ 200 രൂപ മുതൽ 1200 രൂപ വരെ വിലയിൽ ഓണത്തപ്പന്മാരുടെ സെറ്റുകളും വിപണിയിലുണ്ട്.
മുത്തിയമ്മ, അരകല്ല്, ആട്ടുകല്ല്, ചിരവ തുടങ്ങി പത്ത് ഇനങ്ങളാണ് ഒരു സെറ്റിലുള്ളത്. സ്റ്റാച്ച്യു ജങ്ഷനിലും പരിസരങ്ങളിലുമായി വാളകത്തെ വില്പനക്കാർ തന്നെ പത്തോളം പേരുണ്ട്. പാടത്ത് നിന്ന് മണ്ണെടുക്കാൻ സാധ്യമല്ലാത്തതിനാൽ മൺപാത്രങ്ങൾ നിർമ്മാണം നടത്തുന്ന കമ്പനിയിയിൽ നിന്നും അരച്ച മണ്ണ് വാങ്ങിയാണ് ഓണത്തപ്പനെ നിർമ്മിക്കുന്നത്.
അരച്ച മണ്ണിന് ഇത്തവണ കിലോയ്ക്ക് 40 രൂപയോളം വിലയുയർന്നെങ്കിലും ഓണത്തപ്പന്മാരെ കഴിഞ്ഞ വർഷങ്ങളിലെ വില തന്നെയാണ് ഈടാക്കുന്നത്. കൂടാതെ ഓണം കളറക്കാൻ ഓലക്കുട ചൂടിയ മാവേലിമാരും ഓണവഞ്ചിയും വിപണിയിലുണ്ട്.