ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം; പ്രതികളെ കണ്ടെത്താനായില്ല
text_fieldsമുടവൂർ അയ്യംകുളങ്ങര
ക്ഷേത്രത്തിൽ എത്തിയ
മോഷ്ടാവിന്റെ
സി.സി.ടി.വി ദൃശ്യം
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുടവൂരിൽ വിവിധ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. മൂന്നു ക്ഷേത്രങ്ങളിലും പള്ളിയിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. മുടവൂർ അയ്യംകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് ഓഫിസിനകത്ത് ഉണ്ടായിരുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചു. രണ്ടുപേരാണ് മോഷണത്തിനായി എത്തിയത്. ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ല.
മോഷ്ടാക്കൾ എത്തുന്നതും ലോക്കർ തകർക്കാൻ ശ്രമിക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ജയ്ഹിന്ദ് കവലയിലുള്ള ചാകുന്നത്ത്കാവ് മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരവും ലക്ഷം കവലയിലുള്ള വെട്ടിക്കാകുഴി കാവ് ക്ഷേത്രത്തിന്റെ ഭണ്ഡാരവും മോഷ്ടാക്കൾ തകർത്ത് പണം കവർന്നു. മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ രണ്ടു ഭണ്ഡാരങ്ങൾ പൊളിച്ചും മോഷണം നടത്തി. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.