രാസലഹരിയുമായി മൂന്നുപേർ പിടിയിൽ
text_fieldsജാഫർ, നിസാർ, അൻസാർ
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുന്നോപ്പടിക്കു സമീപം എക്സൈസ് നടത്തിയ റെയ്ഡിൽ വിൽപനക്കായി കൊണ്ടുവന്ന 40 ഗ്രാം എം.ഡി.എം.എ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.30ഓടെ മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ഡ്രഗിന്റെ മൊത്തക്കച്ചവടക്കാരനടക്കം മൂന്നുപേരെ പിടികൂടിയത്.
പുന്നോപ്പടി സ്വദേശികളായ പേണ്ടാനത്ത് ജാഫർ (43), പടിഞ്ഞാറെചാലിൽ നിസാർ (45), ആക്കോത്ത് അൻസാർ (45) എന്നിവരാണ് പിടിയിലായത്. 40.68 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും 34,580 രൂപയും മൂന്ന് മൊബൈൽ ഫോണും എ.ടി.എം കാർഡും ഇവരിൽനിന്ന് പിടിച്ചെടുത്തു. പുന്നോപ്പടിയിൽ വെച്ച് ചില്ലറ വിൽപനക്കായി പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരനാണ് ജാഫർ എന്ന് എക്സൈസ് പറഞ്ഞു. പ്രതിക്ക് മയക്കുമരുന്ന് നൽകിയ ആളെക്കുറിച്ചും വാങ്ങുന്നവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളം അസി. എക്സൈസ് കമീഷണർ തുടരന്വേഷണം നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.