കുരുക്കോട് കുരുക്ക്; മൂവാറ്റുപുഴ നിശ്ചലമായി
text_fieldsകുരുക്കിനിടയിൽ റോഡിൽ ചക്രങ്ങൾ താഴ്ന്ന് നിശ്ചലമായ മിനിലോറി
മൂവാറ്റുപുഴ: നഗര റോഡ് വികസന പ്രവർത്തനങ്ങൾ നടക്കുന്ന പട്ടണത്തിൽ നവീകരണത്തിന്റെ ഭാഗമായി ഒരേസമയം അടുത്തടുത്തായി കൾവെർട്ടുകൾ നിർമിക്കാൻ എം.സി റോഡിൽ കുഴി എടുത്തത് ഗതാഗതം താറുമാറാക്കി. വാഹനങ്ങളുടെ ടയർ പൊട്ടിയതും ചെളിയിൽ താഴ്ന്ന് വാഹനം നിശ്ചലമായതും സ്ഥിതി രൂക്ഷമാക്കി. നെഹ്റുപാർക്കിലാണ് വലിയ ലോറിയുടെ ടയർ പൊട്ടി വാഹനം വഴിയിലായത്. തിരക്കേറിയ റോഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നോക്കി നടത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് ഇല്ലാത്തതും പ്രശ്നം വഷളാക്കി.
തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഗതാഗത സ്തംഭനം വൈകീട്ട് നാലുവരെ നീണ്ടു. ടൗണിൽ പ്രവേശിച്ച മുഴുവൻ വാഹനങ്ങളും കുരുക്കിൽപെട്ട് മണിക്കൂറുകളോളം റോഡിൽ കിടന്നു. അരമനപ്പടിയിൽ എം.എൽ.എ ഓഫിസിനുസമീപം എം.സി റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനൊപ്പം ടി.ബി റോഡ് പൊളിക്കുകയും ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ട്രാഫിക് പൊലീസും സന്നദ്ധ പ്രവർത്തകരും കിണഞ്ഞുശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ല.
അരമനപ്പടി ഭാഗത്ത് റോഡിന്റെ പകുതിഭാഗം അടച്ചായിരുന്നു കലുങ്ക് നിർമാണം. ഇതുമൂലം എട്ട് മീറ്റർ വീതി മാത്രം വരുന്ന റോഡിലൂടെ ഞെരുങ്ങിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ ഇവിടെ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടു. തുടർന്ന് വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാതെയായി.
ഇവിടെ തിങ്കളാഴ്ച രാവിലെതന്നെ മണ്ണിട്ട് ഉയർത്തിയെങ്കിലും വീണ്ടും താഴ്ന്ന് കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടു. ഇതിനിടെ, ഇവിടെ ജല അതോറിറ്റി പൈപ്പു പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകാനും ആരംഭിച്ചു. വീണ്ടും മണ്ണിട്ട് ഉയർത്തിയെങ്കിലും പിറകെ എത്തിയ മിനിലോറിയുടെ ചക്രങ്ങൾ മണ്ണിൽ താഴ്ന്നു. ഇതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് എസ്.ഐ കെ.പി. സിദ്ദീഖ് വിവരം അറിയിച്ചതോടെ പ്രതിസന്ധി പരിഹരിക്കാൻ ആർ.ഡി.ഒ ഉൾപ്പെടെ ഇടപെട്ടു.
എന്നാൽ, സ്ഥലത്ത് നിർമാണച്ചുമതലയുള്ള കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരോ കരാർ കമ്പനി പ്രതിനിധികളോ ഉണ്ടായിരുന്നില്ല. അന്തർസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
പൊലീസും നാട്ടുകാരും തൊഴിലാളികളും ചേർന്ന് മണ്ണിൽ താഴ്ന്ന വാഹനം തള്ളി നീക്കി. വൈകീട്ട് നാലോടെ കലുങ്ക് നിർമാണം പൂർത്തിയായ ഭാഗം തുറന്നു നൽകിയതോടെയാണ് ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായത്. രാവിലെ ആരംഭിച്ച കുരുക്കിൽ മൂന്ന് സംസ്ഥാന പാതകളും ദേശീയപാതയും കടന്നുപോകുന്ന നഗരത്തിലെ എല്ലാ റോഡിലും ഗതാഗതം താറുമാറായി. പോക്കറ്റ് റോഡുകളിൽ അടക്കം കുരുക്ക് രൂക്ഷമായിരുന്നു.