ട്രാഫിക് വാർഡൻമാരെ കൂട്ടത്തോടെ ഒഴിവാക്കി; നഗരം കുരുക്കിൽ
text_fieldsമൂവാറ്റുപുഴ: നഗരറോഡ് വികസനത്തിന്റെ ഭാഗമായ ഒന്നാംഘട്ട ടാറിങ് പൂർത്തിയായതോടെ ട്രാഫിക് വാർഡൻമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് നഗരത്തെ വീണ്ടും ഗതാഗതക്കുരുക്കിലാക്കി. നാലുദിവസമായി തുടരുന്ന ഗതാഗതക്കുരുക്കിൽ നാട്ടുകാരും യാത്രക്കാരും വലയുകയാണ്. രാവിലെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടരുന്നു.
കച്ചേരിത്താഴം പാലത്തിനു സമീപത്തെ ഗർത്തം പൂർണമായി അടക്കുന്നതും ഈ ഭാഗങ്ങളിലെ ഓട നിർമാണം പൂർത്തിയാക്കുന്നതുമടക്കം നിരവധി പ്രവർത്തനങ്ങൾ ബാക്കി നിൽക്കെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ വാർഡൻമാരെ ഒഴിവാക്കിയത്. 14 ട്രാഫിക് വാർഡൻമാരിൽ 10 പേരെയാണ് ഒഴിവാക്കിയത്. ഇതോടെ വാഹനങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ തലങ്ങും വിലങ്ങും ഓടുകയാണ്.
നഗരത്തിലെ വെള്ളൂർക്കുന്നം, കീച്ചേരിപ്പടി, വൺ വെ ജങ്ഷൻ എന്നിവിടങ്ങളിൽ കുരുക്ക് ഒഴിഞ്ഞ നേരമില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും കയറി വരുന്നതാണ് കാരണം. ഇതിനിടെ ട്രാഫിക് സ്റ്റേഷനിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഇല്ലാത്തതും പ്രശ്നമായി. ടാറിങ് കഴിഞ്ഞ റോഡ് എം.എൽ.എയുടെ നിർദേശ പ്രകാരം തുറന്നു കൊടുത്തെന്ന പേരിൽ ഇവിടെ ഉണ്ടായിരുന്ന ട്രാഫിക് എസ്.എച്ച്.ഒയെ സസ്പെൻഡ് ചെയ്തിട്ട് രണ്ടാഴ്ചയായി. പകരം ആരും എത്താത്തത് മൂലം ട്രാഫിക് രംഗം കുത്തഴിഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി നഗരറോഡ് വികസനത്തിന്റെ ഭാഗമായി എം.സി റോഡ് അടച്ചിട്ടായിരുന്നു പണി നടത്തിയിരുന്നത്. ഇരുപതോളം ട്രാഫിക് വാർഡൻമാരെയാണ് ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിച്ചിരുന്നത്. ഇതിൽ ആറുപേരെ ഒരു മാസം മുമ്പ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പത്ത് പേരെ പറഞ്ഞു വിട്ടത്. ഇവരെ കൂടാതെ രണ്ട് ടേമിലായി 20 പൊലീസുകാരാണ് ട്രാഫിക് സ്റ്റേഷനിലുള്ളത്.


