Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightതൊഴിൽ ഉറപ്പ്...

തൊഴിൽ ഉറപ്പ് തരുന്നവർക്ക് വോട്ട്...

text_fields
bookmark_border
election
cancel
camera_alt

മൂവാറ്റുപുഴ സക്കീർ ഹുസൈൻ നഗറിൽ ഉച്ചവിശ്രമത്തിനിടെ വോട്ടുവർത്തമാനത്തിൽ ഏർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ

മൂവാറ്റുപുഴ: നേരം ഉച്ചക്ക് 1.30. കനത്തവെയിലിൽ ഉച്ചവരെ പണിയെടുത്തശേഷം ഊണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറംഗസംഘം. 40 മുതൽ 60വരെ പ്രായമുള്ളവരുണ്ട് ഈ കൂട്ടത്തിൽ. മൂവാറ്റുപുഴ നഗരസഭ പത്താം വാർഡിൽപെട്ട നഗരമധ്യത്തിലെ സക്കീർ ഹുസൈൻ നഗറിലായിരുന്നു ജോലി. തദ്ദേശസ്ഥാപനങ്ങളിൽ റോഡിലെ കാടുവെട്ടൽ, ഓട ശുചീകരണം, കുളിക്കടവ് നന്നാക്കൽ തുടങ്ങിയവയാണ് തൊഴിലുറപ്പുകാരുടെ പണി. ഒരുകാലത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിച്ചിരുന്നിടം.

മൂവാറ്റുപുഴയാറിന്‍റെ തീരം. 2018ലെ പ്രളയത്തോടെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെല്ലാം താമസം മാറി. വിരലിലെണ്ണാവുന്നവർ മാത്രമാണിവിടെ ഇപ്പോഴുള്ളത്. ഒഴിഞ്ഞ വീടുകളിലെല്ലാം താമസിക്കുന്നത് അന്തർ സംസ്ഥാന തൊഴിലാളികൾ. രാവിലെ ഇവിടത്തെ രണ്ട് കടവുകളും ഓടയും ശുചീകരിച്ചതിന്‍റെ ക്ഷീണത്തിലാണ് തൊഴിലുറപ്പുകാർ. എങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പതിവുപോലെ വർത്തമാനം അതുമായി ബന്ധപ്പെട്ടാണ്.

ആര് വന്നാലും ഭരണം നന്നായി നടക്കണമെന്നാണ് ഇവരുടെ പക്ഷം. മാന്യമായ വേതനം ലഭിക്കണം. തൊഴിലുറപ്പ് ജോലി നിലനിൽക്കണം. ‘ഞങ്ങളെപ്പോലെ പ്രായമായവർക്ക് ഒരാശ്വാസമാണിത്. മരുന്ന് വാങ്ങാൻ ആരുടെ മുന്നിലും കൈനീട്ടണ്ടല്ലോ’- പാത്തുമ്മ ഹംസ പറഞ്ഞുകൊണ്ടേ ഇരുന്നു. ‘അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് എന്താ വില. തേങ്ങക്കും വെളിച്ചെണ്ണക്കും തീവിലയാണ്. തുച്ഛമായ വരുമാനംകൊണ്ട് എങ്ങനെ ജീവിക്കും’ -സിമി ഷിനാജ് ഏറ്റുപിടിച്ചു.

‘ഉച്ചവരെ പണിയെടുത്താൽ 700 രൂപ ലഭിക്കുന്ന സ്ഥാനത്ത് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഈ മാലിന്യം മുഴുവൻ വാരുന്ന നമുക്ക് ലഭിക്കുന്നത് 368 രൂപ മാത്രമാണ്. ഇതിനൊരു മാറ്റം വരണം. കൂലി കൂട്ടണം. സമയം 10 മുതൽ നാലുവരെയാക്കണം. വിസർജ്യം അടക്കം വാരുന്ന തങ്ങൾക്ക് കൈയുറയും മാസ്കും നഗരസഭ സൗജന്യമായി നൽകണം. ഇപ്പോൾ ഇവ സ്വന്തം പണം മുടക്കി വാങ്ങേണ്ട അവസ്ഥയാണ്. ഇത് നഗരസഭയാണ് നൽകേണ്ടത്. എന്നാൽ, ഇതൊന്നും കിട്ടുന്നില്ല. ഓരോ ദിവസവും ഓരോ സ്ഥലത്താണ് ജോലി. ശുചിമുറി സൗകര്യവും ഇല്ല. തൊഴിലുറപ്പുകാരായ തങ്ങളെയും മനുഷ്യരായി കാണാൻ സമൂഹം തയാറാകണം’ സിമിക്കും നബീസക്കും ആമിനക്കും മിനിക്കുമെല്ലാം പറയാൻ പരിഭവങ്ങളും പരാതികളുമേറെ. അപ്പോഴേക്കും സമയം രണ്ട് മണിയായി. അവർ വീണ്ടും തൊഴിലിലേക്ക്.

Show Full Article
TAGS:Kerala Local Body Election voting Thozhilurapp 
News Summary - Vote for those who guarantee thozhilurapp; says employees
Next Story