മാറാടിയിൽ ദുരിതമായി വെള്ളക്കെട്ട്; കടകളിൽ വെള്ളം കയറി
text_fieldsമാറാടിയിലെ വെള്ളക്കെട്ട്
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമായി. എം.സി റോഡിൽ മാറാടി ഭാഗത്തെ വെള്ളക്കെട്ട് കച്ചവടക്കാർക്കും തിരിച്ചടിയാവുകയാണ്.
വെള്ളക്കെട്ട് മൂലം റേഷൻ കടയിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചു കയറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കെ.എസ്.ടി.പി യുടെ റോഡ് നിർമാണത്തിലെ അപാകതയാണ് ഇതിനുകാരണം. നാല് വർഷം മുമ്പ് നടന്ന എം.സി റോഡ് നവീകരണത്തെ തുടർന്നാണ് വെള്ള ക്കെട്ട് രൂക്ഷമായത്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങൾ ഉപയോഗിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. നിലവിലെ റോഡ് വീതി കുട്ടി ടാർ ചെയ്തതല്ലാതെ ശരിയായ അലൈൻമെന്റിൽ റോഡ് നിർമാണം നടത്തിയില്ല. ഇതു മൂലം നിരവധി ആളുകൾ ഈ ഭാഗത്ത് അപകടത്തിൽ മരിച്ചിട്ടുണ്ട്.
നിർമാണത്തിന് ശേഷം ബാക്കിവന്ന കല്ലും മറ്റ് സാമഗ്രികളും പല സ്ഥലങ്ങളിലും ഓടയിൽ തന്നെ കിടക്കുകയാണ്. ഇത് മാറ്റാൻ അധികാരികൾ തയാറായിട്ടുമില്ല. മഴവെള്ളം കുത്തിയൊലിച്ച് വരുമ്പോൾ കാനയിലെ കല്ലും മാലിന്യങ്ങളും മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം റോഡിൽ പരന്നൊഴുകി വ്യാപാര സ്ഥാപനങ്ങളിൽ ഇരച്ചു കയറുകയാണ്.
വെള്ളക്കെട്ടിന് അടിയന്തരമായി പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബി നിരവധി തവണ പി.ഡബ്ല്യു.ഡി അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. വെള്ളക്കെട്ട് മൂലം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്.
കഴിഞ്ഞ താലൂക്ക് സഭയിൽ വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും പരിഹാരം കാണുവാൻ താലൂക്ക് സഭക്ക് കഴിഞ്ഞില്ലെന്ന് ഒ.പി. ബേബി പറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.